തൊടുപുഴ: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നാടെങ്ങും ഓണക്കളികളുടെ ആർപ്പുവിളികൾ ഉയരുകയാണ്. നാടൊട്ടുക്കുമുള്ള വിദ്യാലയങ്ങളും ക്ലബ്ബുകളും അതിനായി കച്ചമുറുക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമിട്ട ആഘോഷം സ്‌കൂളുകളിലും കോളേജുകളിലും ഇന്നത്തോടെ സമാപിക്കും . വിദ്യാർത്ഥികളെല്ലാം ഓണാഘോഷ തിമിർപ്പിലാണ്. ക്ലബ്ബുകളും പലതരം മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കസേരകളി, തിരുവാതിരകളി, വടംവലി, പൂക്കള മത്സരം, ഓണച്ചൊല്ല് മത്സരം, ഓണപ്പാട്ട് മത്സരം, മലയാളി മങ്ക, പുരുഷകേസരി, സുന്ദരിക്ക് പൊട്ടുതൊടൽ, നാരങ്ങാ സ്പൂൺ ഓട്ടം, തലയണ അടി, വാഴയിൽ കയറ്രം, കലംതല്ലി പൊട്ടിക്കൽ, ചാക്കിലോട്ടം, മിഠായി പെറുക്കൽ എന്നിങ്ങനെ നീളുന്നു ഓണക്കളികളുടെ നീണ്ടനിര. സ്‌കൂളുകളിലും കലാലയങ്ങളിലുമാണ് മലയാളി മങ്ക, പുരുഷകേസരി മത്സരങ്ങൾ കൂടുതലായും നടത്തുന്നത്. സെറ്റ് സാരി, പട്ട് പാവാട, ദാവണി, സെറ്റ് മുണ്ട് എന്നിവ ധരിച്ച് പെൺകുട്ടികളും മുണ്ടും ഷർട്ടും ധരിച്ച് ആൺകുട്ടികളും പങ്കെടുക്കും. ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇവരോട് ചോദിക്കും. മികച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കുന്നവരാകും വിജയികൾ. വട്ടത്തിൽ നിരത്തിയ കസേരയ്ക്ക് ചുറ്റും പാട്ടിന്റെ താളത്തിൽ കളിച്ച് പാട്ട് നിൽക്കുമ്പോൾ കസേരിയിൽ ഇരിക്കുന്നതാണ് കസേര കളി. ഇരിക്കാൻ സാധിക്കാത്തവർ പുറത്താകും. ബോർഡിലോ മറ്റ് വരച്ചചിത്രത്തിൽ കണ്ണ് കെട്ടി കൃത്യസ്ഥാനത്ത് തൊടുന്നവരാണ് സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിലെ വിജയികൾ. മത്സരിക്കുന്നവർ സ്പൂണിൽ നാരങ്ങയുമേന്തി ലക്ഷ്യസ്ഥാനത്ത് എത്രയും പെട്ടെന്ന് എത്തുന്നതാണ് നാരങ്ങാ സ്പൂൺ ഓട്ടമത്സരം. ചെറിയ പാലം പോലെ തീർത്ത് അതിന് മദ്ധ്യത്തിൽ രണ്ട് പേർ കൈകളിൽ തലയണയേന്തി അങ്ങോട്ടുമിങ്ങോട്ടും എതിരാളിയെ വീഴ്ത്താൻ പാകത്തിന് ഇടിച്ചിടുന്നതാണ് തലയണയടി. വ്യത്യസ്തവും ഏറെ രസകരവുമായ ഒരു കളിയാണ് വാഴയിൽ കയറ്റം. നിറയെ എണ്ണ തൂകിയ വാഴയിലേക്ക് അനായാസം കയറാൻ സാധിക്കുന്നവരായിരിക്കും വിജയികൾ. പുരുഷന്മാരാണ് ഈ കളിയിൽ കൂടുതലും പങ്കെടുക്കുന്നത്. മലയാളിയുടെ ഏത് ആഘോഷത്തിലും കടന്നു വരുന്ന ഒന്നാണ് തിരുവാതിരകളി. കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്ത കലാരൂപമാണിത്. കൈകൊട്ടിക്കളി, കുമ്മികളി എന്നും അറിയപ്പെടുന്നു. സ്ത്രീകൾ പാട്ടു പാടി കൈകൊട്ടി കത്തിച്ചു വച്ച നിലവിളക്കിന് ചുറ്റും നിന്നാണ് തിരുവാതിര കളിക്കുക.
ഓർമ്മകളായ
കളികൾ
തലപ്പന്തുകളി, തുമ്പിതുള്ളൽ തുടങ്ങി പഴമക്കാരുടെ ഇടയിലും നിറയെ ഓണക്കളികൾ ഉണ്ടായിരുന്നു. ഓണക്കാലത്ത് നാട്ടിൻപുറങ്ങളിൽ കുട്ടികളും മുതിർന്നവരുമൊക്കെ വീട്ടുമുറ്റങ്ങളിലും മൈതാനങ്ങളിലുമാണ് തലപ്പന്തു കളി കളിക്കുന്നത്. തലയ്ക്ക് മീതെ കൂടി പന്തടിച്ച് കളിയ്ക്കുന്ന കളിയായതിനാലാകം ഇതിന് തലപ്പന്തുകളിയെന്ന് പേര് ലഭിച്ചു. ചിലയിടങ്ങളിൽ ഇപ്പോഴും അപൂർവമായി തലപ്പന്തു കളിക്കുന്നവരുണ്ട്. ഏതാണ്ട് വിസ്മൃതിയിലാകുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. കളത്തിന്റെ നടുക്ക് ഒരു പെൺകുട്ടി പൂക്കുലയും പിടിച്ചു നിൽക്കും. ചുറ്റും നിൽക്കുന്നവർ പാട്ടുപാടുകയും ആർപ്പും കുരവയുമായി തുമ്പിയെ തുള്ളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പെൺകുട്ടികളാണ് തുമ്പി തുള്ളുക.