തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി വന്നെങ്കിലും ഉപാധിരഹിത പട്ടയമില്ലാത്തതും നിർമ്മാണ നിരോധനം മാറാത്തതും ഇടുക്കിയെ കൂടുതൽ കുടുക്കിലാക്കുന്ന നടപടിയാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ . ജില്ലയിലെ ജനങ്ങൾ തുടർച്ചയായി സമരമുഖത്ത് വന്നത് കൃഷിക്കും വീടിനുമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾക്കും അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതി സർക്കാർ രൂപീകരിക്കാനാണ്. പട്ടയഭൂമിയുടെ സ്വതന്ത്ര വിനിയോഗം ഉറപ്പാക്കാൻ ഉടമയ്ക്ക് കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വീണ്ടും പണം നൽകി ക്രമവത്കരണം നടത്തണമെന്ന നിയമം ഓണ സമ്മാനമായല്ല മറിച്ച് ഓണനാളിലെ പോക്കറ്റടിയായി മാത്രമേ കുടിയേറ്റ കർഷകർ കാണുന്നുള്ളൂ. 50000 ത്തിലധികം പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുന്ന ജില്ലയിൽ ഉപാധിരഹിത പട്ടയം നൽകുമെന്ന വാഗ്ദാനവും പാഴ് വാക്കാകുമെന്നും എം. മോനിച്ചൻ പറഞ്ഞു.