തൊടുപുഴ: കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിക്ക് ജില്ലയിൽ തുടക്കമായി. 27 മുതൽ സെപ്തംബർ 4 വരെയാണ് വിപണി. കൺസ്യൂമർഫെഡിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 8 ത്രിവേണി ഔട്‌ലെറ്റുകളും സഹകരണ സംഘങ്ങൾ വഴി നടത്തുന്ന 84 ഓണച്ചന്തകളും ഉൾപ്പെടെ 100 ഓണവിപണികളാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം, തൂക്കുപാലം, ഏലപ്പാറ, ചെറുതോണി, ഇരുമ്പുപാലം, തൊടുപുഴ, പുറപ്പുഴ, കരിമണ്ണൂർ ത്രിവേണി ഔട്ട്‌ലെറ്റുകളിലാണ് ഓണം വിപണി പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവൃത്തി സമയം. ഔട്ട്‌ലെറ്റുകളിലും, സഹകരണ വിപണികളിലും സബ്സിഡി നിരക്കിൽ 13 ഇനങ്ങളാണ് വിൽക്കുന്നത്. സബ്സിഡി ഇതര സാധനങ്ങൾക്ക് പൊതുവിപണിയിൽ ഉള്ളതിനേക്കാൾ 10 ശതമാനം മുതൽ 50 ശതമാനംവരെ വിലക്കുറവിലാണ് വിൽപ്പന. തൊടുപുഴ നഗത്തിലെ ത്രിവേണി ഔട്ട്‌ലെറ്റ് മുതക്കോടം റൂട്ടിൽ മാവിൻചുവട് അത്തിക്കൽ ബിൽഡിംഗിലാണ് പ്രവർത്തനം. ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നലെ കട്ടപ്പന വെള്ളയാംകുടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.
കൺസ്യൂമർ ഫെഡ് വില വിവരം
(ഇനം, ഒരു കാർഡിന് അനുവദിച്ച അളവ്, സബ് സിഡി നിരക്ക്. പൊതുവിപണി വില ( എല്ലാം കിലോയ്ക്ക്) എന്ന ക്രമത്തിൽ)
ജയഅരി - 8 - 33 - 46
കുറുവ അരി - 8 -33 - 46
കുത്തരി - 8 -33 - 51
പച്ചരി - 2 - 29 - 42
പഞ്ചസാര- 1 -34.65 - 45.50
ചെറുപയർ - 1 - 90 - 127.50
വൻകടല- 1 - 65 - 110
ഉഴുന്ന് - 1- 90 - 126
വൻപയർ - 1 - 70 - 99
തുവരപരിപ്പ് - 1 - 93 - 130
മുളക് - 1 - 115.50 -176
മല്ലി- .500 - 40.95 - 59
വെളിച്ചെണ്ണ- 1 - 339 - 420