മുട്ടം: മലങ്കര ടൂറിസം ഹബ്ബിൽ സ്വകാര്യപങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള തീരുമാനങ്ങൾ ഫയലിലുറങ്ങുന്നു. സംരംഭകരെത്തേടിയപ്പോൾ ലഭിച്ച നിരവധി അപേക്ഷകളാണ് ചുവപ്പുനാടയിൽ വിശ്രമിക്കുന്നത്.ഇവ പാസാക്കുന്നതിനുള്ള മലങ്കര ടൂറിസം ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗം ചേരാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നുമില്ല.
2024 ഡിസംബർ 10നാണ് അവസാനമായി ജനറൽ കൗൺസിൽ യോഗം ചേർന്നത്. 8 മാസങ്ങൾ പിന്നിട്ടിട്ടും യോഗം ചേരാൻ അധികൃതർ താല്പര്യപ്പെടുന്നില്ല. ഇതേ തുടർന്ന് മലങ്കര ടൂറിസം ഹബ്ബിലെ വികസന പ്രവർത്തികൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. സ്വകാര്യ പങ്കാളിത്തം പദ്ധതി (പി.പി.പി) പ്രകാരം ഇവിടെ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞ പ്രാവശ്യം ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ഡി.റ്റി.പി.സി അപേക്ഷ ക്ഷണിക്കുകയും നിരവധി അപേക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു. സ്ഥലം മാറി പോയ കളക്ടർ വി.വിഗ്‌നേശ്വരി അപേക്ഷകൾ നൽകിയവരുമായി ചർച്ചകൾ നടത്തുകയും ചെയ്തതാണ്. എന്നാൽ, അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കളക്ടർ ചാർജ് ഏറ്റെടുത്തിട്ടും ഇതിൽ തീരുമാനം ആകുന്നില്ല. അപേക്ഷകൾ നൽകിയവർ ഡി.റ്റി.പി.സിയുടേയും കളക്ടറുടേയും ഓഫീസുകളിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കൃത്യമായ മറുപടി നൽകാതെ ഓഫീസ് ജീവനക്കാരും കൈമലർത്തുകയാണെന്ന് പറയുന്നു. പി.ജെ ജോസഫ് എം.എൽ.എ, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്തിലാണ് ജനറൽ കൗൺസിൽ യോഗം ചേരുന്നത്.
മുൻ തീരുമാനങ്ങൾ
=മലങ്കര അണക്കെട്ടിലെ ജലം മലിനമാകാത്ത വിധം സോളാർ ബോട്ട് സർവീസ് ആരംഭിക്കാൻ സ്വകാര്യ മേഖലകളിൽ നിന്ന് താത്പര്യ പത്രം ക്ഷണിക്കും
=എൻട്രൻസ് പ്ലാസയ്ക്ക് കെട്ടിട നമ്പർ നൽകി ഉടൻ പ്രവർത്തന സജ്ജമാക്കി സർക്കാർ സ്വകാര്യ മേഖലകൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം നൽകും
'മുടങ്ങി കിടക്കുന്ന ജനറൽ കൗൺസിൽ യോഗം ഉടൻ ചേരണം അപേക്ഷകളിൽ തീരുമാനമെടുക്കണം' ടൂറിസം കൾച്ചറൽ കമ്മറ്റി ആവശ്യപ്പെട്ടു.