കട്ടപ്പന: മലയോര ഹൈവേയിൽ രോഗിയുമായിപോയ ഓട്ടോറിക്ഷ, ഇന്നോവ കാറുമായി കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. അയ്യപ്പൻ കോവിൽ പരപ്പ് കാരക്കാട്ട് ഭാസ്‌കരൻ, ലീല, ഓട്ടോ ഡ്രൈവർ പുത്തൻപുരക്കൽ സോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മാട്ടുക്കട്ടയിലാണ് അപകടം. കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. കട്ടപ്പനയിലെ അഭിഭാഷകനാണ് കാർ ഓടിച്ചിരുന്നത്. വീട്ടിലേക്ക് മടങ്ങുംവഴി എതിരെവന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് കട്ടപ്പനയിൽ താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ഉപ്പുതറ പൊലീസ് കേസെടുത്തു.