പീരുമേട്: ദേശീയ പാത 183 ൽ ഇന്നലെ തുടർച്ചയാതി നാല് വാഹന അപകടങ്ങൾ നടന്നു. പീരുമേടിനും മുപ്പത്തിഅഞ്ചാം മൈലിനും ഇടയിലാണ് നാല് അപകടങ്ങളും ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന മഴയും മൂടൽമഞ്ഞും വാഹന ഡ്രൈവർമാർക്ക് വില്ലനായി മാറുന്നുണ്ട്. പ്രദേശത്ത് അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന്‌ ബ്രേക്ക് ചവിട്ടിയാൽ തൊട്ടു പുറകിൽ വരുന്ന വാഹനങ്ങൾ മുമ്പിൽപോകുന്ന വാഹനങ്ങളിൽ ഇടിച്ചാണ് ഇവിടെ കൂടുതലും അപകടങ്ങൾ. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ ബ്രേക്ക് ചവിട്ടുമ്പോൾ വട്ടം മറിഞ്ഞും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇന്നലെ ഉണ്ടായ നാലിൽ മൂന്ന് അപകടങ്ങളും ഇത്തരത്തിൽ സംഭവിച്ചതാണ്. റോഡ് പരിചയം ഇല്ലാത്തതും അപകടത്തിന് കാരണമാണ്. കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ തട്ടാത്തിക്കാനത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തുമണിയോടെ ദേശീയ പാതയിൽ വളഞാങ്ങാനംവെള്ളച്ചാട്ടത്തിന് സമീപം മാരുതി 800 കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണു. ഇല്ലി കൂട്ടത്തിലേക്ക് മറിഞ്ഞതു കൊണ്ട് വാഹനം ഓടിച്ചയാൾ പരിക്ക് ഇല്ലാതെ രക്ഷപെട്ടു. .മരുതുംമൂടിന് സമീപം രണ്ടു കാറും ഓട്ടോറിക്ഷയും ഇടിച്ച് അപകടം. യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. കാറുകൾക്കും ഓട്ടോറിക്ഷക്കും കേടു പാടുകൾ സംഭവിച്ചു. ഇന്നോവ കാർ എതിർ ദിശയിൽ വന്ന കാറിലിടിച്ചപ്പോൾ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇവിടെ നിന്നും ഇരുനൂറ് മീറ്റർ ദൂരത്തിൽ രണ്ട് കാറുകൾ തമ്മിൽ ഇടിച്ചും അപകടമുണ്ടായി. കാർ ബ്രേയ്ക്ക് ചെയ്തപ്പോൾ എതിരെ വന്ന കെ.എസ്.ആർ.ടി സി. ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. അപകടങ്ങൾ വർദ്ധിക്കുന്നതിനാൽ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.