 ബുധനാഴ്ചകളിൽ സന്ദർശനാനുമതിയില്ല

ചെറുതോണി: ഇടുക്കി, ചെറുതോണി ഡാമുകളിൽ സെപ്തംബർ ഒന്ന് മുതൽ സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങൾ നീക്കിവെച്ചിരിക്കുന്നതിനാൽ അന്നേ ദിവസവും റെഡ് അലർട്ട് ദിവസങ്ങളിലും പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് സന്ദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്. ചെറുതോണി - തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലെ ഗേറ്റിലൂടെയാണ് പ്രവേശനം. പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിംഗ് വഴിയാണ് .ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡൽ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാർ യാത്രാ സൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിന് ശേഷം സീറ്റുകൾ ഒഴിവുണ്ട് എങ്കിൽ ഇവിടെ നിന്നും ടിക്കറ്റ് എടുക്കാവുന്നതാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടുക്കി റിസർവയറിൽ ബോട്ടിംഗ് സൗകര്യവും സന്ദർശകർക്ക് ലഭ്യമായി വരുന്നുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനാകും. ഹിൽവ്യൂ പാർക്കും കാൽവരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേർന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ്. ചെറുതോണി ഡാമിലെ വെർട്ടിക്കൽ ഗേറ്റിന്റെ ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ നടന്നിരുന്നതിനാലാണ് ഏതാനും മാസം ഡാമിൽ സന്ദർശനാനുമതി നല്കാൻ കഴിയാതെയിരുന്നത്. തുടർച്ചയായി ഡാം സന്ദർശകർക്കായി തുറന്നു കൊടുക്കാൻ കഴിയുന്നതോടെ ജില്ലാ ആസ്ഥാനത്തെ ടൂറിസത്തിന് കുതിപ്പേകുമെന്നും മന്ത്രി പറഞ്ഞു.