തൊടുപുഴ : ഭൂപതിവ് ചട്ട - ഭേദഗതിയിലെ ഫീസ് ഈടാക്കിയുള്ള ക്രമപ്പെടുത്തൽ നടപ്പിൽ വരുത്തുമെന്ന സർക്കാർ തീരുമാനം വിലത്തകർച്ചയും വന്യജീവി ആക്രമണത്താലും ദുരിതം അനുഭവിക്കുന്ന ജില്ലയിലെ കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന കോ-ഓഡിനേറ്റർ അപു ജോൺ ജോസഫ്. ഫീസ് ഈടാക്കിയുള്ള നിർമ്മാണങ്ങൾ ക്രമവത്ക്കരിക്കുന്നത് വലിയ അഴിമതിയ്ക്ക് കളമൊരുക്കും. കാലങ്ങളായി സർക്കാരിന്റെ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ഫീസുകൾ അടച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് വീണ്ടും ഫീസ് ഈടാക്കി ക്രമപ്പെടുത്തുമെന്ന് പറയുന്ന വിചിത്രവാദമാണ് സർക്കാർ ഉയർത്തുന്നത്. ജനങ്ങളോട് സർക്കാരിന് പ്രതിബദ്ധത ഉണ്ടെങ്കിൽ ഉപാധി രഹിത പട്ടയവും, സൗജന്യ ക്രമപ്പെടുത്തലിനു വേണ്ട നടപടിയുമാണ് സ്വീകരിക്കേണ്ടത്. ഒന്നും രണ്ടും പിണറായി സർക്കാർ പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ടും നാളിതു വരെ ഇതിൽ നാമമാത്രമായ തുകയാണ് ചെലവഴിച്ചിട്ടുള്ളത്. മലയോര ജനതയുടെ കയ്യിൽ നിന്നും വീണ്ടും ക്രമവത്ക്കരണ ഫീസ് ഈടാക്കി ഖജനാവിൽ പണം എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഈ ഭരണത്തിന്റെ അവസാന നാളുകളിൽ പാക്കേജ് സെമിനാറുകൾ സംഘിടിപ്പിച്ചും, ജനങ്ങളിൽ നിന്നും ക്രമവത്ക്കരണ ഫീസ് ഈടാക്കിയും നടത്തുന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ കാണുവാൻ സാധിക്കൂ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ അവസാനിക്കണമെന്ന് സർക്കാരിന് ഒരിക്കലും ആഗ്രഹം ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന കാലത്ത് ജനശ്രദ്ധ തിരിച്ചുവിടുവാൻ വേണ്ടി നടത്തുന്ന പ്രഹസനങ്ങൾ മാത്രമാണെന്നും അപു അഭിപ്രായപ്പെട്ടു.