അടിമാലി: രാജ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട പഴയ ആലുവ - മൂന്നാർ രാജ പാത സഞ്ചാരത്തിനായി തുറന്നു നൽകണമെന്ന ആവശ്യം വീണ്ടും ശക്തിയാർജ്ജിക്കുന്നു. നിലവിൽ വനംവകുപ്പ് അധീനപ്പെടുത്തിയിട്ടുള്ള പഴയ ആലുവ - മൂന്നാർ രാജപാതയിലൂടെ യാത്ര അനുവദനീയമല്ല. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്കും മാങ്കുളമടക്കമുള്ള കാർഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വർധനവിനും സഹായകരമാകുന്ന റോഡിന്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നൽകണമെന്നാണ് ആവശ്യം.1924ലെ വെള്ളപ്പൊക്കത്തിന് ശേഷമായിരുന്നു പഴയ ആലുവ മൂന്നാർ രാജ പാതയിലൂടെയുള്ള യാത്ര തടസ്സപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടർന്ന് കരിന്തിരിമലയിൽ ഉരുൾപ്പൊട്ടൽ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങൾ യാത്ര സാധ്യമല്ലാത്ത വിധം തകരുകയും ചെയ്തു. പ്രളയാനന്തരം അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലമ്രേണ വനംവകുപ്പിന്റെ അധീനതയിലായി. എന്നാൽ പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിൽ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്ന് റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനായി വാദിക്കുന്നവർ പറയുന്നു. റോഡ് തുറന്നാൽ യാത്രാ സൗകര്യം വർധിക്കുന്നതോടൊപ്പം ടൂറിസം, കാർഷിക, വ്യാവസായിക, വാണിജ്യ മേഖലകളിലും പുരോഗതിക്കു കാരണമാകുമെന്നു ഇവർ ചൂണ്ടിക്കാണിക്കുന്നു. കോതമംഗലത്ത് നിന്ന് അടിമാലി വഴി മൂന്നാറിലേക്ക് ഇപ്പോൾ ഉപയോഗിക്കുന്ന റോഡിന്റെ ദൂരം 80 കീലോമീറ്ററാണ്. എന്നാൽ പഴയ ആലുവ - മൂന്നാർ പാതയിലൂടെ 60 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ മൂന്നാറിലെത്താം. 20 കിലോമീറ്റർ ദൂരം യാത്രക്കായി ലാഭിക്കാം. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പൻകുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയം കുട്ടിയിൽ നിന്നും പെരുമ്പൻകുത്ത് വരെയുള്ള 27 കിലോമീറ്റർ റോഡാണ് വനമേഖലയിലൂടെ കടന്നു പോകുന്നത്. നിലവിൽ പെരുമ്പൻകുത്തിൽ നിന്നും കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ തടസ്സവാദങ്ങൾ നീങ്ങുകയും സഞ്ചാരസ്വാതന്ത്രം അനുവദിക്കപ്പെടുകയും ചെയ്താൽ രാജപാത ഇടുക്കിയുടെ വികസനത്തിന് പഴമപേറുന്ന പുതുവഴിയാകും.