latheesh
പൂപ്പാടങ്ങളിലെ വിളവെടുപ്പ് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്യുന്നു

ഉടുമ്പന്നൂർ: ഓണത്തിന് ഇക്കുറിയും ഉടുമ്പന്നൂരിന്റെ പൂപ്പാടങ്ങളിൽ നിന്ന് പൂവിളി ഉയരും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിളവ് കുറഞ്ഞെങ്കിലും കനത്ത മഴയെ അതിജീവിച്ച ചെണ്ടുമല്ലി തൈകളെ പരിപാലിച്ച് പൂ വിരിയിക്കുകയാണ് പഞ്ചായത്തിലെ കർഷകർ. 14,000 തൈകൾ നട്ട് മികച്ച വിളവ് എടുത്ത് വിൽപന നടത്തിയ കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ നിന്നാണ് ഇക്കുറി കൂടുതൽ പൂക്കൾ ഉണ്ടാക്കാനായി 20,000 തൈകൾ നട്ടത്. അഞ്ച് രൂപയുടെ തൈകൾ പഞ്ചായത്തിന്റെ സബ്സിഡിയോടെ കർഷകർക്ക് 1.25 രൂപയ്ക്ക് നൽകി. ഹെക്ടർ ഒന്നിന് 16,000 രൂപ നിരക്കിൽ കൂലി ചെലവിന് സബ്സിഡിയും നൽകി. വിവിധ കൃഷിക്കൂട്ടങ്ങളുടെയും കുടുംബശ്രീ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ 19 ഇടങ്ങളിൽ കൃഷിയിറക്കി. ആയിരം കിലോയോളം പൂക്കൾ കഴിഞ്ഞ തവണ വിൽപന നടത്താൻ കഴിഞ്ഞിരുന്നു. പക്ഷേ, കാലം തെറ്റി പെയ്ത കനത്ത മഴയും മഴ മാറിയപ്പോൾ വന്ന കഠിനമായ വെയിലും ഇത്തവണ വില്ലനായി. വിളവ് പകുതിയോളം കുറഞ്ഞു. എങ്കിലും നിരാശരാകാതെ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെ ശേഷിച്ച പൂപ്പാടങ്ങൾ വിളവെടുത്തു തുടങ്ങി. ഒരു കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽപന. വിവിധ പ്രദേശങ്ങളിൽ നടന്ന വിളവെടുപ്പ് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, വാർഡ് മെമ്പർ ജിൻസി സാജൻ, സെക്രട്ടറി ജെ.എസ്. ഷമീന എന്നിവർ പ്രസംഗിച്ചു.