ഓർമ്മയും പ്രൗഢിയും വിളിച്ചോതുന്ന സാംസ്‌കാരിക ഘോഷയാത്രയുണ്ടാകും
തൊടുപുഴ: തൊടുപുഴ മർച്ചന്റസ് അസോസിയേഷന്റെയും നഗരസഭയുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ തൊടുപുഴയിൽ നടത്തും. നാളെ വൈകിട്ട് അഞ്ചിന് വിളംബരജാഥയോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. മർച്ചന്റ്സ് യൂത്ത്‌വിംഗിന്റെ ആഭിമുഖ്യത്തിൽ നൂറിൽപ്പരം ഇരുചക്ര വാഹനങ്ങൾ വിളബരജാഥയിൽ പങ്കെടുക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്തംബർ മൂന്നിന് കുട്ടികൾക്കായുള്ള ചിത്രരചന മത്സരം മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ രാവിലെ 9.30 മുതൽ നടക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് മത്സരം. കുട്ടികൾക്കായി ചെസ് മത്സരവും നടത്തും. വിജയികൾക്ക് ക്യാഷ് അവാർഡും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും നൽകും. മൂന്നിന് തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങൾ, വിവിധ ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓണപൂക്കള മത്സരവും നടത്തും. ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് മങ്ങാട്ടുകവലയിൽ അവസാനിക്കും. ചെണ്ടമേളം, പെരുമ്പറമേളം, കരകാട്ടം, മയിലാട്ടം, അർജ്ജുന നൃത്തം, തെയ്യം, അർദ്ധനാരീശ്വരനൃത്തം തുടങ്ങിയ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. വിവിധ റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, നഗരസഭ സി.ഡി.എസ് യൂണിറ്റുകളിലെ വനിതകൾ, മർച്ചന്റ്സ് യൂത്ത് വിംഗ് , വനിതാ വിംഗ്, വ്യാപാരി ക്ലബ്- 38 അംഗങ്ങൾ, മറ്റ് അസോസിയേഷനുകൾ എന്നിവർ പങ്കെടുക്കും. പഴയകാല വിന്റേജ് വാഹനങ്ങളും ഘോഷയാത്രയിൽ അണിചേരും. തുടർന്ന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ ഔസേഫ് ജോൺ പുളിമൂട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വടംവലി മത്സരം നടത്തും. കേരളത്തിലെ ഇരുപതോളം പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. 10ന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ ജില്ലാതല ഓണം ടൂറിസം വാരാഘോഷ ത്തിന്റെ സമാപനം നടക്കും. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, എം.എം. മണി, എ. രാജ, നഗരസഭ ചെയർമാൻ കെ. ദീപക്, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവർ പങ്കെടുക്കും. ഗാനമേളയോടെ ഓണോത്സവ് സമാപിക്കുമെന്നും നഗരസഭ ചെയർമാൻ കെ. ദീപക്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ. നവാസ്, അനിൽ പീടികപ്പറമ്പിൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ എന്നിവർ അറിയിച്ചു. വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ് ഷെരീഫ് സർഗം, ജോസ് തോമസ് കളരിക്കൽ, കെ.പി. ശിവദാസ്, എം.എച്ച്. ഷിയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.