തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങളുടെ പരിഹാരമല്ല ഇതിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമായതായി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഭൂ പതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടി ഫണ്ട് പിരിക്കുന്ന മോഡലിൽ കർഷകരിൽ നിന്ന് ക്രമവത്കരണത്തിന്റെ പേരിൽ കോടികളാണ് എൽ.ഡി.എഫ് സർക്കാർ പിരിച്ചെടുക്കാൻ പോകുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഉദ്യോഗ വാഴ്ചയാണ് വരാൻ പോകുന്നതെന്നും ഇതാണോ നവകേരളമെന്ന് പാർട്ടി വ്യക്തമാക്കണമെന്നും സി.പി മാത്യു വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നമ്പർ ലഭിച്ച്, കെട്ടിട നികുതിയും ഭൂ നികുതിയുമടച്ച് ഒരു പ്രശ്നനങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും വീടുകളും നിയമവിരുദ്ധമാക്കി ഇവ ക്രമവത്കരിക്കാൻ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നിലവിൽ ജനങ്ങളെ ബാധിക്കുന്ന ജില്ലയിലെ ഭൂ പ്രശ്നങ്ങളായ നിർമ്മാണനിരോധനം, സി.എച്ച്ആറിലെ പ്രശ്നങ്ങൾ, വിവിധ വില്ലേജുകളിൽ പട്ടയവിതരണത്തിനുള്ള തടസങ്ങൾ ഉൾപ്പടെയുള്ളവയൊന്നും പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രശ്നങ്ങളെല്ലാം നിലനിൽക്കേയാണ് ആറുപതിറ്റാണ്ടായി ജില്ലയിൽ നിലനിൽക്കുന്ന ഭൂ പ്രശ്നം പരിഹരിച്ചെന്ന വ്യാജപ്രചാരണവുമായി മുഖ്യമന്ത്രിയും മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ഇടതു നേതാക്കളും രംഗത്ത് എത്തിയിരിക്കുന്നത്. ജില്ലയിൽ ഇന്ന് നിലനിൽക്കുന്ന നിർമ്മാണ നിയന്ത്രണങ്ങളെല്ലാം കൊണ്ടുവന്നത് പിണറായി സർക്കാരാണ്. കോടതി ഉത്തരവുകളുടെ പേരിലായിരുന്നു നിയന്ത്രണം. കർഷക സ്‌നേഹം പറയുന്ന ഇടതു നേതാക്കൾ കോടതിയിൽ കർഷക താത്പര്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കാത്തതാണ് തിരിച്ചടിയായത്. മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വാങ്ങണമെന്ന് 2010 ജനുവരി 21ലെ ഹൈക്കോടതി വിധി നടപ്പാക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2010 ജൂൺ ഒമ്പതിന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇങ്ങനെയാണ് ആദ്യമായി നിർമ്മാണ നിയന്ത്രണം വന്നത്. ഈ വിഷയം ഉയർത്തിക്കാട്ടി സെപ്തംബർ മൂന്ന് മുതൽ കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തും. ഒന്നിന് മുഴുവൻ മണ്ഡലങ്ങളിലും നൈറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബിജോ മാണി, എൻ.ഐ. ബെന്നി, ട്രഷറർ ഇന്ദു സുധാകരൻ, ചാർളി ആന്റണി എന്നിവരും പങ്കെടുത്തു.

എം.എം. മണി ഇച്ഛാശക്തിയുള്ള മന്ത്രിയായിരുന്നു; പ്രശംസയുമായി ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ: എം.എം. മണി ഇച്ഛാശക്തിയുള്ള മന്ത്രിയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് സി. പി മാത്യു. ഭൂ പതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിടയിലാണ് സി.പി മാത്യു എം. എ മണിയെ പ്രശംസിച്ചത്. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ റോഷി അഗസ്റ്റിൻ പരാജയമാണ്. ഇക്കാര്യത്തിൽ എത്രയോ ഭേദമാണ് എം.എം. മണിയെന്നായിരുന്നു കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന്റെ പ്രശംസ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിലപാടെടുക്കാൻ മന്ത്രിയെന്ന നിലയ്ക്ക് എം.എം. മണിക്ക് സാധിച്ചിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഇക്കാര്യം തെളിഞ്ഞതാണ്. എന്നാൽ റോഷി അഗസ്റ്റിന് ഇത്തരം കാര്യങ്ങളിൽ യാതൊരു നിലപാടുമില്ല. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ റോഷി പരാജയമാണെന്നും സി.പി. മാത്യു പറഞ്ഞു.