ഓണത്തിന് ആശ്വാസമായി കൃഷി വകുപ്പ്
തൊടുപുഴ: ഓണക്കാലത്ത് മലയാളികൾക്ക് ആശ്വാസമൊരുക്കി കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ. പൊതുവിപണിയിലെ പഴം, പച്ചക്കറിവില എന്നിവ നിയന്ത്രിക്കുന്നതിനായി വകുപ്പ് പ്രത്യേക ഓണം വിപണി നടത്തും. മുഴുവൻ പഞ്ചായത്തുകളിലും ഒരു ചന്ത എന്നതാണ് ലക്ഷ്യം. ഇടമലക്കുടിയും വട്ടവടയും ഒഴികെയുള്ള 50 പഞ്ചായത്തുകളിലും പ്രത്യേക ഓണച്ചന്തയുണ്ടാകും. സംരക്ഷിത വനമേഖലയായതിനാലാണ് ഇടമലക്കുടി ഒഴിവാക്കിയത്. ശീതകാല പച്ചക്കറിയുടെ പ്രധാന സംഭരണ കേന്ദ്രം വട്ടവടയായതിനാൽ ഇവിടെ ഓണച്ചന്തയില്ല. ഇത്തരത്തിൽ 84 ഓണച്ചന്തയാണ് വകുപ്പ് ആരംഭിക്കുന്നത്. കൃഷിവകുപ്പ് നേരിട്ട് പഞ്ചായത്തുകളിൽ നടത്തുന്നവയ്ക്ക് പുറമെ വി.എഫ്.സി.കെ, ഹോർട്ടികോർപ്പ് വഴിയും വിപണനമേളയുണ്ട്. കർഷകരിൽ നിന്ന് 10 ശതമാനം അധികവില നൽകിയാണ് സംഭരണം. ഇത് വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ വിറ്റഴിക്കും. കർഷകർ ഉത്പാദിപ്പിച്ച ജൈവ കാർഷികോത്പന്നങ്ങൾക്ക് പ്രത്യേക പരിഗണന ഉണ്ടാകും. മറയൂർ ശർക്കരയും ഓണ വിപണിയിലുണ്ടാകും. ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനുള്ള കൃഷിവകുപ്പ് പദ്ധതിയായ കേരളഗ്രോ ഇനങ്ങളും വിപണിയിലുണ്ടാകും. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച് കഴിഞ്ഞു.
ഓണച്ചന്തകൾ
കൃഷിഭവൻ- 50
വി.എഫ്.സി.കെ- 7
ഹോർട്ടികോർപ്പ്- 25
ഉത്പന്നങ്ങൾ പുറത്തേക്കും
ജില്ലയിൽ ഉത്പാദിപ്പിക്കുന്ന കാബേജ്, ക്യാരറ്റ്, കിഴങ്ങ്, വെളുത്തുള്ളി, മറയൂർ ശർക്കര തുടങ്ങിയ ഉത്പന്നങ്ങൾ മറ്റ് ജില്ലകളിലെ വിപണിയിലെത്തും. പുറം ജില്ലകളിൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെയാണ് ജില്ലയ്ക്ക് വെളിയിലും കൃഷിവകുപ്പ് നേതൃത്വത്തിൽ ഇവ എത്തിക്കുന്നത്.
'ഓണത്തിനോടനുബന്ധിച്ച് പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയുകയാണ് ലക്ഷ്യം. ഇതിലൂടെ ശക്തമായ വിപണി ഇടപെടൽ നടത്താനാകുമെന്നാണ് പ്രതീക്ഷ "
-എബ്രഹാം സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, അഗ്രികൾച്ചറൽ ഓഫീസർ ഇടുക്കി)