ഇടുക്കി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സെപ്തംബർ ഒന്ന്, രണ്ട് തീയതകളിൽ ജില്ലയിലുണ്ടാകും. ജില്ലയിലെ വിവിധ യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ പങ്കെടുക്കാനാണ് ജനറൽ സെക്രട്ടറി ജില്ലയിലെത്തുന്നത്. ഒന്നിന് രാവിലെ ഒമ്പത് മുതൽ മടക്കത്താനം ജോഷ് പവലിയനിൽ നടക്കുന്ന തൊടുപുഴ യൂണിയനിലെ ശാഖാനേതൃത്വ സംഗമത്തിലാണ് വെള്ളാപ്പള്ളി ആദ്യം അദ്ധ്യക്ഷനാകുക. രണ്ടിന് രാവിലെ 9.30 മുതൽ മലനാട്, പീരുമേട്, ഇടുക്കി യൂണിയനുകളിലെ നേതാക്കളുടെ സംഗമം പുറ്റടി ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് രാജാക്കാട്, അടിമാലി, നെടുങ്കണ്ടം എന്നീ യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമം എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നിടത്തും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരും പങ്കെടുക്കും. ശാഖാ ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് എസ്.എൻ.ഡി.പി യോഗമാണ് ശാഖാ നേതൃത്വ സംഗമം നടത്തുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾകൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായി കുടുംബ യൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്തേകാനാണ് യാേഗത്തിന്റെ നേതൃത്വത്തിൽ എല്ലാ യൂണിയനുകളിലും നേതൃസംഗമം നടത്തുന്നത്.