railway

നീലേശ്വരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്ത്‌ മംഗളൂരു ജംഗ്ഷൻ– -തിരുവനന്തപുരം നോർത്ത്‌ റൂട്ടിൽ ദ്വൈവാര സ്‌പെഷ്യലും, മംഗളൂരു ജഗ്ഷൻ– കൊല്ലം റൂട്ടിൽ വീക്കിലി എക്സ്‌പ്രസും അനുവദിച്ചപ്പോൾ, റെയിൽവേ വീണ്ടും മലബാറിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെ തഴഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രം രേഖപ്പെടുത്തിയ നീലേശ്വരം സ്റ്റേഷനിൽ രണ്ട് വണ്ടികൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗീകമായും നീലേശ്വരം നഗരസഭയിലെ ജനങ്ങൾ പൂർണമായും ആശ്രയിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ്. കൂടാതെ ചെറുവത്തുർ, വലിയപറമ്പ, കയ്യൂർ- ചീമേനി, കിനാനൂർ- കരിന്തളം, മടിക്കൈ, കോടോം-ബേളൂർ, വെസ്റ്റ് -എളേരി, ഈസ്റ്റ് -എളേരി, ബളാൽ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയം കൂടിയാണ് നീലേശ്വരം സ്റ്റേഷൻ. മലയോര ഭാഗത്തുള്ളവർക്കും ഏറെ ആശ്രയം ഈ സ്റ്റേഷനാണ്.

ഉത്സവ വണ്ടികൾക്കും പ്രതിവാര വണ്ടികൾക്കും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ശക്തമാകുമ്പോഴാണ് വീണ്ടും അവഗണന തുടരുന്നത്. ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ട രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഉറക്കത്തിലാണ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വാർഷിക വരുമാനം 18 കോടി രൂപയാണെങ്കിലും അവിടെ ഇറങ്ങുന്ന യാത്രക്കാരിൽ പകുതിയിലധികം പേരും നീലേശ്വരത്തും പരിസരത്തുനിന്നുള്ളവരാണ്. നീലേശ്വരം സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ സാമ്പത്തിക ലാഭത്തിന് പുറമെ യാത്ര സമയവും കുറഞ്ഞു കിട്ടും.

മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത്‌ ദ്വൈവാര സ്‌പെഷ്യൽ വണ്ടിക്ക് ആലപ്പുഴ ജില്ലയിൽ അഞ്ചിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചപ്പോഴും നീലേശ്വരം സ്റ്റേഷനെ അവഗണിക്കുകയായിരുന്നു.

ഓണം സ്പെഷൽ സർവീസുകൾ

മംഗളൂരു ജംഗ്ഷൻ- തിരുവനന്തപുരം ദ്വൈവാര സ്‌പെഷ്യൽ (06041) 21 മുതൽ 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ്‌ നടത്തുമ്പോൾ തിരുവനന്തപുരം നോർത്ത്‌- മംഗളൂരു ജംഗ്ഷൻ ദ്വൈവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06042) 22 മുതൽ സെപ്‌തംബർ 14 വരെയുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ്‌ നടത്തും. ട്രെയിൻ നമ്പർ 06047 മംഗളൂരു ജംഗ്ഷൻ കൊല്ലം വീക്ക്‌ലി എക്സ്‌പ്രസ് സ്‌പെഷ്യൽ ഓഗസ്റ്റ് 25, സെപ്തംബർ 01, 08 തീയതികളിൽ തിങ്കളാഴ്ചകളിൽ രാത്രി 11.15ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.20 ന് കൊല്ലത്ത് എത്തിച്ചേരും (3 സർവീസുകൾ). ട്രെയിൻ നമ്പർ 06048 കൊല്ലം - മംഗളൂരു ജംഗ്ഷൻ വീക്ക്‌ലി എക്സ്‌പ്രസ് ഓഗസ്റ്റ് 26, സെപ്തംബർ 02, 09 തീയതികളിൽ ബുധനാഴ്ചകളിൽ വൈകുന്നേരം 5.10 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 05.30 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും.