stamp-paper

കാസർകോട്:അച്ചടി ടെൻഡർ നൽകാത്തതിന്റെ പേരിൽ അനുഭവപ്പെട്ട ക്ഷാമം പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ഇ.സ്റ്റാമ്പ് പേപ്പർ സംവിധാനത്തിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. നീലേശ്വരത്ത് നിന്ന് വാങ്ങിയ നൂറു രൂപയുടെ മൂന്ന് മുദ്രപത്രങ്ങൾ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് ഈ മുദ്രപത്രങ്ങൾക്ക് ആധികാരികതയില്ലെന്ന് കണ്ടെത്തിയത്.

ചെറുവത്തൂരിലെ റിട്ടയേർഡ് പ്രധാനാദ്ധ്യാപകൻ എൻ.രാജീവനാണ് നീലേശ്വരത്തെ ഒരു വെണ്ടറിൽ നിന്ന് മുദ്രപത്രം വാങ്ങി കബളിപ്പിക്കപ്പെട്ടതായി കാണിച്ച് ട്രഷറി ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. നഷ്ടപ്പെട്ട എസ്.എസ്.എൽ.സി ബുക്കിന് പകരം അപേക്ഷിക്കാൻ മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപത്രത്തിന് മുദ്രപത്രം വാങ്ങിയാണ് ഇദ്ദേഹം കബളിപ്പിക്കപ്പെട്ടത്. അപേക്ഷയോടൊപ്പമുള്ള മുദ്രപത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്തതിനാൽ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. പുതിയ മുദ്രപത്രം വാങ്ങിയാണ് ഇദ്ദേഹം വീണ്ടും അപേക്ഷ നൽകിയത്. മൊബൈൽ ഫോണിൽ നിന്ന് ഒ.ടി.പി നൽകാതെയാണ് തനിക്ക് വെണ്ടർ മുദ്രപത്രം നൽകിയതെന്നാണ് ഈ പ്രധാനാദ്ധ്യാപകൻ പറയുന്നത്. നീലേശ്വരം പൊലീസിന് പരാതി നൽകിയെങ്കിലും ഇത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തെ മടക്കി. തുടർന്ന് പരാതിക്കാരൻ നീലേശ്വരം ട്രഷറി ഓഫീസറെ നേരിൽ കണ്ട് പരാതിപ്പെടുകയായിരുന്നു. ട്രഷറി ഓഫീസർ സ്റ്റാമ്പ് വെണ്ടറെ വിളിച്ചു വരുത്തി മുദ്രപത്രം സ്കാൻ ചെയ്തപ്പോഴും ക്യു ആർ കോഡ് പ്രവർത്തിച്ചില്ല. വിഷയം ട്രഷറി ഓഫീസർക്കും ബോധ്യപ്പെട്ടതിന് പിന്നാലെ പ്രധാനാദ്ധ്യാപകൻ സംസ്ഥാന ട്രഷറി ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.

വരുമാനം നിലനിർത്താൻ വെബ്സൈറ്റ്

സ്റ്റാമ്പ് വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തുന്ന തരത്തിലാണ് ഇ സ്റ്റാമ്പിംഗ് സർക്കാർ നടപ്പിലാക്കിയത്. വെണ്ടർമാർ മുഖേന മുദ്രപത്രം പൊതുജനങ്ങൾക്ക് വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത് എടുക്കാൻ കഴിയും. വെണ്ടർമാരുടെ വെബ് സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവുമുണ്ട്. സ്വത്ത് രജിസ്ട്രേഷന് ആധാരം എഴുത്തുകാർ വിവരങ്ങൾ തയ്യാറാക്കിയ ശേഷം ടോക്കൺ വാങ്ങി ആവശ്യമായ തുകയ്ക്കുള്ള മുദ്രപത്രം വെണ്ടർമാരോട് ഓൺലൈനായി വാങ്ങുകയാണ് പതിവ്. ഇതിൽ കൃത്രിമമില്ലെങ്കിലും പൊതുജനങ്ങൾ നേരിട്ട് വാങ്ങിക്കുന്ന മുദ്രപത്രങ്ങളിലാണ് പ്രശ്നം . ആവശ്യക്കാരുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നൽകിയാണ് വെണ്ടർമാർ മുദ്രപത്രം എടുക്കുന്നത്. മുദ്രപത്രത്തിൽ നൽകിയ ക്യൂ ആർ കോഡിൽ സ്കാൻ ചെയ്താൽ ആധികാരികത ബോധ്യപ്പെടും. എന്നാൽ ഓൺലൈനിൽ ലഭിക്കുന്ന ഈ സൗകര്യത്തിന്റെ മറവിൽ വ്യാജ മുദ്രപത്രങ്ങൾ അടിച്ചുനൽകുന്നുണ്ടോയെന്ന സംശയമാണ് റിട്ട.പ്രധാനാദ്ധ്യാപകന്റെ അനുഭവം ഉയർത്തിയിരിക്കുന്നത്.