കണ്ണൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ സിംഗിൾ വുമൺ അസോസിയേഷനുമായി ചേർന്ന് 'പയ്യാവൂർ മാംഗല്യം' എന്ന പേരിൽ പദ്ധതി ആവിഷ്‌ക്കരിച്ചു. അവിവാഹിതരും പുനർ വിവാഹിതരും ഉൾപ്പെടെ ജാതി ഭേദമന്യേ സ്ത്രീ പുരുഷന്മാർക്ക് വിവാഹിതരാകാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. ഇതിനായുള്ള അപേക്ഷ ഫോമിന്റെ മാതൃക സോഷ്യൽ മീഡിയ വഴിയും ഗ്രാമപഞ്ചായത്ത് ഓഫീസ് വഴിയും സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം നൽകണം. പുരുഷന്മാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംമ്പറിൽ ഒരുക്കിയിരിക്കുന്ന പെട്ടിയിലോ അല്ലാത്തപക്ഷം പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല, 670633 എന്ന മേൽ വിലാസത്തിലോ അയക്കേണ്ടതാണ്.

സ്ത്രീകളുടെ അപേക്ഷകൾ സംഘടനയുടെ ഭാരവാഹികളുടെ കൈവശമോ അല്ലാത്തപക്ഷം കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം, എൻ.ജി.ഒ യൂനിയൻ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, 670001 എന്ന മേൽവിലാസത്തിലോ അയക്കേണ്ടതാണ്. സമാന സ്വഭാവമുള്ള വനിതാ സംഘടനകളുടെ സഹകരണവും സ്വീകര്യമാണ്.

ഈ മാസം 20 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർ രക്ഷിതാവിന്റെ ഫോൺ നമ്പർ നൽകണം. സംഘാടക സമിതിയും അസോസിയേഷൻ പ്രവർത്തകരും യോജിച്ച് അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്തി അതുപ്രകാരം ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ കൈമാറും. അടുത്ത മാസം വിവാഹ ആലോചനകൾ അനുയോജ്യമായ വിധത്തിൽ കണ്ടെത്തി ഒക്ടോബർ മാസത്തിൽ പയ്യാവൂരിൽ ഒരുക്കുന്ന വേദിയിൽ വച്ച് വിവാഹം ചെയ്യുവാനും വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കാനും അവസരം ഒരുക്കും. വാർത്താസമ്മേളനത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, വി.സതീദേവി, പി.വി.ശോഭന, സുശീല വേലായുധൻ, കെ.മോഹനൻ എന്നിവർ പങ്കെടുത്തു. ഫോൺ: 8547876345, 9656382001.