ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണകരാറിൽ നിന്നും ഒഴിവാക്കിയതിനെതിരെ കരാറുകാരൻ സമർപ്പിച്ച പരാതി പരിഗണിക്കുന്നത് ഹൈക്കോടതി എട്ടിലേക്ക് മാറ്റി. നിശ്ചിത കാലാവധിക്കുള്ളിലും പിന്നീട് നിരവധി തവണ കരാർ നീട്ടി നൽകിയിട്ടും പാതി ഭാഗം മതിൽ പോലും പൂർത്തിയാക്കാത്തതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ ഒഴിവാക്കിയത് ഇതിനെതിരെ പുറത്താക്കിയ കരാറുകാരൻ സമർപ്പിച്ച പരാതി ഫയലിൽ സ്വീകരിച്ച കോടതി ടെൻഡർ നടപടികൾ തുടരാൻ അനുമതി നൽകിയിരുന്നെങ്കിലും നടപ്പാക്കുന്നത് കോടതിയുടെ അനുമതിയോടെയാവണമന്ന് ഉത്തരവിറക്കിയിരുന്നു .
അവശേഷിക്കുന്ന ആറു കിലോമീറ്റർ ദൂരത്തിൽ മതിൽ നിർമ്മാണത്തിന് 29 കോടിയുടെ ടെൻഡർ നടപടി പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പ് കോടതിയുടെ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടെൻഡർ പൂർത്തിയായി പ്രവൃത്തി ആരംഭിക്കണമെങ്കിൽ കോടതിയുടെ ഉത്തരവ് കൂടി ലഭിക്കേണ്ടതുണ്ട്. നേരത്തെ രണ്ടുതവണ ഹൈക്കോടതി ഈ കേസ് മാറ്റിവച്ചിരുന്നു.
പൂർത്തിയാക്കിയത് 3.9 കി.മി
പൂർത്തിയാക്കേണ്ടത് 6 കി.മി
ആകെ 9.899 കി.മി
കാട്ടാനയെ ഭയന്ന് പുനരധിവാസമേഖല
വ്യാഴാഴ്ച അടക്കം കാട്ടാനകൾ പുനരധിവാസമേഖലയെ വിറപ്പിച്ചിരുന്നു. മതിൽ പൂർത്തിയാകാതെ ആനകളുടെ ഭീഷണി ഒഴിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ടെൻഡർ ഉറപ്പിക്കാതെ മതിൽ നിർമ്മാണം പുനരാരംഭിക്കാനും സാധിക്കില്ല. കഴിഞ്ഞ മാസം 21ന് ടെൻഡർ തുറന്നെങ്കിലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.നേരത്തെയുള്ള എസ്റ്റിമേറ്റ് പ്രകാരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്.നാലുപേരാണ് ക്വട്ടേഷൻ നൽകിയത്. ഇതിൽ ഹിൽട്രാക് കൺസ്ട്രക്ഷനാണ് എട്ട് ശതമാനം കുറവിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത്.കോടതി അനുവദിച്ചാൽ മാത്രമേ ഹിൽട്രാക്കുമായി കരാർ ഒപ്പിടാൻ സാധിക്കുകയുള്ളു.എന്നാൽ 21ന് പൂർത്തിയാക്കിയ ടെൻഡർ നടപടികളുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം മാത്രമാണ് പൊതുമരാമത്ത് വകുപ്പ് കോടതിയിൽ സമർപ്പിച്ചതെന്നാണ് കേസിൽ പുതുതായി കക്ഷി ചേർന്ന പൊതുതാൽപര്യ ഹർജിക്കാരന്റെ വാദം. നിയമ കുരുക്ക് മുറുകിയാൽ ആനമതിൽ നിർമ്മാണം വീണ്ടും വൈകുമെന്ന ആശങ്കയിലാണ് പുനരധിവാസ മേഖല .