തലശ്ശേരി: യാത്രക്കാരെ പെരുവഴിയിലാക്കി സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് പണിമുടക്കിനെ തുടർന്ന് വലഞ്ഞത്. പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർ വിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
തലശ്ശേരിയിലെത്തുന്ന മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കാളികളായി.
കണ്ണൂർ -കോഴിക്കോട് ദീർഘദൂര ബസുകളും പണിമുടക്കിന്റെ ഭാഗമായിരുന്നു. അധിക കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയത് അൽപം ആശ്വാസമായി. അതേസമയം, തലശ്ശേരി എ.എസ്.പി ഓഫീസിൽ നടന്ന ചർച്ചയിൽ സമരം നിർത്തിവയ്ക്കാൻ ധാരണയായെന്ന് യൂനിയൻ നേതാക്കൾ പറയുമ്പോൾ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുന്നതു വരെ സമരം തുടരുമെന്നാണ് ഒരുവിഭാഗം ബസ് തൊഴിലാളികൾ പറയുന്നത്. സംയുക്ത തൊഴിലാളി യൂനിയൻ, ബസ് ഉടമകൾ, ബസ് തൊഴിലാളികൾ എന്നിവർ എ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.
മുഖ്യപ്രതികൾക്കെതിരേ കാപ്പയടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് എ.എസ്.പി ഉറപ്പുനൽകിയതായും പൊതുജനങ്ങൾക്കാകെ ബസ് സമരം ബുദ്ധിമുട്ടായ സാഹചര്യത്തിൽ പിന്മാറുന്നതായും ബി.എം.എസ്, സി.ഐ.ടി.യു നേതാക്കൾ വ്യക്തമാക്കി. ഇന്നലെ രാവിലെ 11 ഓടെ എ.എസ്.പി ഓഫീസിൽ തുടങ്ങിയ ചർച്ച രണ്ടോടെയാണ് അവസാനിച്ചത്. അതേസമയം, കണ്ടക്ടർ വിഷ്ണുവിനെ മർദ്ദിച്ച മുഖ്യപ്രതികളെ പിടികൂടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും സമരം തുടരുക തന്നെ ചെയ്യുമെന്നും ഒരുവിഭാഗം തൊഴിലാളികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇൻസ്‌പെക്ടർമാരായ ബിജു പ്രകാശ്, കെ.വി മഹേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മേഖലയിലെ ബസ് സമരം ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ഇന്നു മുതൽ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്നും തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ അറിയിച്ചു.