പാപ്പിനിശ്ശേരി: നൂറ് കണക്കിന് യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ യാത്ര കടുത്ത അവഗണനയും പേറി. കാത്തിരിപ്പ് കേന്ദ്രങ്ങൾ കാടുമൂടിയും ഇരിപ്പിടമില്ലാതെയും മേൽക്കൂര പോലും സ്ഥാപിക്കാതെയും കിടക്കുന്ന സ്റ്റേഷനോടുള്ള അവഗണന തുടങ്ങി അരനൂറ്റാണ്ട് പിന്നിടുകയാണ്. സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് മാത്രമേ നിലവിൽ സ്റ്റോപ്പുള്ളൂ. എന്നാൽ ആ ട്രെയിനുകളിൽ കയറിപ്പറ്റാൻ നിത്യേന നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.
1905 ൽ സ്ഥാപിതമായ സ്റ്റേഷൻ സ്വാതന്ത്ര്യസമര തീച്ചൂളയിൽ ഏറ്റവും തിരക്കേറിയ സ്റ്റേഷനായിരുന്നു. തെക്കൻ തിരുവതാംകൂറിൽ നിന്നും മലയോര മേഖലയിലേക്ക് എത്തിയ കുടിയേറ്റ കർഷകർ അടക്കം തളിപ്പറമ്പ് റോഡ് സ്റ്റേഷനെന്ന പേരുണ്ടായിരുന്ന പാപ്പിനിശ്ശേരി സ്റ്റേഷനെയാണ് ഏറ്റവും കൂടുതൽ ആശയിച്ചിരുന്നത്. സ്റ്റേഷന്റെ മുന്നിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പ്രത്യേക ബസ് സർവീസ് പോലും അക്കാലത്ത് ഉണ്ടായിരുന്നു. കൂടാതെ നിരവധി സ്വാതന്ത്ര്യസമര നേതാക്കൾ സ്റ്റേഷനിൽ ഇറങ്ങി വിവിധ പരിപാടികളിൽ പങ്കെടുത്തതായുള്ള ചരിത്ര രേഖയും ഉണ്ട്. പാപ്പിനിശ്ശേരി വ്യവസായ മേഖലയും വ്യാപാരി സമൂഹവും മംഗളൂരുമായി വ്യാപാര ആവശ്യങ്ങൾക്ക് അടക്കം ഏറ്റവും കൂടുതൽ ആശ്രയിച്ചതും ഇതേ റെയിൽവേ സ്റ്റേഷനെ തന്നെയാണ്. 1980ൽ വളപ്പട്ടണം പുഴക്ക് കുറുകെ പുതിയ പാലവും റോഡും വന്നതോടെയാണ് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ അവഗണനയും തുടങ്ങുന്നത്.
ഇപ്പോഴും കർണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികളും ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളും ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനാണിത്. കാസർകോട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന സർക്കാർ ജീവനക്കാരും സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. വാണിജ്യാവശ്യത്തിന് ചെറുകിട വ്യാപാരികളും ഇവിടെ നിന്ന് യാത്ര ചെയ്യുന്നു.
ഉയരമില്ലാത്ത പ്ളാറ്റ് ഫോം
പഴഞ്ചൻ രീതിയിലുള്ള പ്ളാറ്റ് ഫോമാണ് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ വലിയൊരു ന്യൂനത. ഇതോടൊപ്പം പ്ലാറ്റ് ഫോമിലെ പല ഭാഗത്തെയും തകർച്ചയും വലിയ പ്രശ്നമാണ്. വൃദ്ധരായ രോഗികൾ മറ്റു റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കുട്ടികൾക്കും ട്രെയിനിൽ കയറുമ്പോൾ അപകട സാദ്ധ്യതയുണ്ട്.
ഹാൾട്ടായി തരം താഴ്ത്തി
പാപ്പിനിശ്ശേരി 2022 ഏപ്രിൽ 11 മുതൽ ഹാൾട്ട് സ്റ്റേഷനാണ്. തുടർന്ന് ടിക്കറ്റ് വിൽപ്പനക്ക് ഏജന്റുമാരെയാണ് ഏൽപ്പിച്ചത്. ആദ്യം കരാറെടുത്ത ഏജന്റ് പിൻവാങ്ങിയതിനെ തുടർന്ന് പുതിയ ഏജന്റാണ് നിലവിൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്.
കൂടുതൽ ട്രെയിനുകൾക്ക്
സ്റ്റോപ്പ് അത്യാവശ്യം
ഒട്ടേറേ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ പരശുറാം, മലബാർ എക്സ്പ്രസ് ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചാൽ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് നിലവിലുള്ള യാത്രക്കാരുടെ കണക്ക് വച്ച് വിലയിരുത്തപ്പെടുന്നത്. റെയിൽവേ ജീവനക്കാരെ പിൻവലിച്ച് ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും സ്റ്റേഷനിൽ അറ്റകുറ്റപ്പണി പോലും നടത്താതിരിക്കുന്നതും സ്റ്റേഷനെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന ആക്ഷേപവുമുണ്ട്.
പാപ്പിനിശ്ശേരി സ്റ്റേഷനെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയരണം. ഒരു പ്രദേശത്തിന്റെ സമഗ്ര മാറ്റത്തിന് തന്നെ കളമൊരുക്കിയ സ്റ്റേഷൻ നിലനിറുത്തി വികസനത്തിന് വഴിയൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം.
എം.സി. ദിനേശൻ, പൊതുപ്രവർത്തകൻ
പഴയ കാലത്ത് വ്യവസായ വാണിജ്യ മേഖലകളിൽ പ്രതാപത്തിലേക്ക് ഉയർത്തിയ സ്റ്റേഷനാണിത്. അവഗണിക്കാൻ തുടങ്ങിയതോടെ പാപ്പിനിശ്ശേരിയിലെ വാണിജ്യ മേഖലയും തകർന്നു. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ ജനകീയ മുന്നേറ്റം ഉണ്ടാകണം.
സി.വി. സുനിൽകുമാർ, പൊതുപ്രവർത്തകൻ