കാഞ്ഞങ്ങാട്: വരുമാനത്തിൽ മുമ്പിൽ നിൽക്കുമ്പോഴും ഇതുവഴി കടന്നുപോകുന്ന പകുതിയോളം ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വാർഷിക വരുമാനം 18 കോടി കടന്നു. രണ്ടു കോടി രൂപ യുടെ വാർഷിക വരുമാന നേട്ടം കൂടി ഉണ്ടായാൽ കാഞ്ഞങ്ങാട് സ്റ്റേഷന്റെ വരുമാനം ഇരുപത് കോടിയിലെത്തും. അതോടെ ഇപ്പോഴത്തെ എൻ.എസ്.ജി. നാലിൽ നിന്ന് എൻ.എസ്. ജി. മൂന്ന് കാറ്റഗറിയിലേക്ക് കാഞ്ഞങ്ങാട് ഉയരും. കൃത്യമായി പറഞ്ഞാൽ ഒരു കോടി 35 ലക്ഷം രൂപയുടെ വരുമാനം കൂടിയുണ്ടായാൽ കാഞ്ഞങ്ങാട് സ്റ്റേഷന്റെ പദവി എൻ.എസ്.ജി. മൂന്നിലേക്ക് ഉയരും.
അങ്ങനെയിരിക്കെയാണ് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പാലക്കാട് ഡിവിഷനിൽ ഏറ്റവും ഉയർന്ന വരുമാനം കോഴിക്കോട് സ്റ്റേഷനാണ് 190 കോടി. രണ്ടാം സ്ഥാനത്ത് 138 കോടി വരുമാനമുള്ള പാലക്കാട് ജംഗ്ഷനാണ്. കണ്ണൂർ സ്റ്റേഷൻ 123 കോടി രൂപയുടെ വരുമാനം നേടി മൂന്നാം സ്ഥാനത്താണ്. മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുള്ള കാസർകോട് സ്റ്റേഷന്റെ വരുമാനം 49 കോടിയാണ്. മംഗളൂരു സെൻട്രൽ സ്റ്റേഷൻ 60 കോടിയും ഷൊർണ്ണൂർ ജംഗ്ഷൻ 55 കോടിയുമാണ് വരുമാനം. വരുമാനത്തിൽ കുതിച്ചിട്ടും അമൃത് ഭാരത് സ്റ്റേഷൻ പദവി ഇപ്പോഴും കാഞ്ഞങ്ങാടിന് അന്യമാണ്. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കൂടി യാഥാർത്ഥ്യമായാൽ കാഞ്ഞങ്ങാടിന് അമൃത ഭാരത് പദവി നേടിയെടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനു ജനപ്രതിനിധികളുടെ സമ്മർദ്ദവും ഭരണ തലത്തിലുള്ള സ്വാധീനവും അനിവാര്യമാണ്. റെയിൽവേ പുറത്ത് വിട്ട പാലക്കാട് റെയിൽവേ ഡിവിഷന്റെ ഒറിജിനേറ്റിംഗ് പാസഞ്ചർ റവന്യൂ 2024 -25 ന്റെ പട്ടികയിൽ ഒരോ സ്റ്റേഷന്റെയും വരുമാനമുണ്ട്.
കാഞ്ഞങ്ങാട് സ്റ്റേഷന്റെ വികസന തടസം നീക്കും
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻ പ്രവർത്തിച്ചു വരികയാണെന്ന് പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകൾക്കടക്കം സ്റ്റോപ്പ് വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. എം.പി യുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും അസ്ലം വ്യക്തമാക്കി.