chithram

മ്യൂറൽ പെയിന്റിംഗിൽ വൈദഗ്ധ്യം തെളിയിച്ച് അറുപത് പിന്നിട്ട ഒരു സംഘം വനിതകൾ

കണ്ണൂർ: റിട്ടയർമെന്റിന് ശേഷം വീട്ടിൽ ഒതുങ്ങി വാർദ്ധക്യത്തിലേക്ക് തള്ളപ്പെടുന്നവർക്കിടയിൽ പ്രസരിപ്പോടെ വ്യത്യസ്തരായിരിക്കുന്ന ഒരു കൂട്ടം വനിതകളുണ്ട് കണ്ണൂർ തളാപ്പിലെ നവരസയിൽ. മ്യൂറൽ പെയിന്റിംഗ് പഠിച്ചെടുത്ത് കാൻവാസിലും മനസിലും നൂറുവർണങ്ങൾ വിതറുകയാണിവരെല്ലാം.

ചിന്മയയിൽ നിന്ന് വിരമിച്ച പ്രീത ടീച്ചറാണ് നവരസയ്ക്ക് തുടക്കമിട്ടത്.പതിനഞ്ചുപേരാണ് പഠിതാക്കൾ.ചിലർ മക്കളുടെ അടുത്താണ്. മറ്റ് ചിലർ ഓൺലൈനായാണ് പഠിക്കുന്നത്. പക്ഷേ എല്ലാവരും നന്നായി പെർഫോം ചെയ്യുന്നുവെന്നാണ് ടീച്ചറുടെ അഭിപ്രായം.

ആദ്യം രണ്ട് പേരാണ് മ്യൂറൽ പെയിന്റിംഗ് ക്ലാസിന് ചേർന്നത്. പിന്നീട് ഇവരുടെ ചിത്രങ്ങൾ കണ്ടും കേട്ടറിഞ്ഞും ഓരോരുത്തരായി വന്ന് ചേരുകയായിരുന്നു.
'എനിക്ക് പുതിയൊരു ജീവിതം വന്നപോലെയാണ്. ഇനി ഞാൻ കണ്ണൂർ വിട്ടു വരില്ലെന്ന് മക്കളോട് പറഞ്ഞു.' ന്യൂയോർക്കിൽ 40 വർഷമായി താമസിച്ചിരുന്ന പ്രസന്ന ഗംഗാധരന്റെ കണ്ണുകളിൽ യൗവനത്തിന്റെ പുതിയ തിളക്കമുണ്ട്. കണ്ണൂരിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ അവർ ഒരു മാസത്തിനിടെ മ്യൂറൽ പെയിന്റിംഗ് പഠിച്ച് പുതിയ സുഹൃത്തുക്കളെ സ്വന്തമാക്കി. ഇനി എന്തിനാണ് തിരിച്ചുപോകുന്നതെന്ന ചിന്തയിലാണ് ഇവർ.
പ്രസന്നയെപ്പോലെ 60 കഴിഞ്ഞ് റിട്ടയർമെന്റിന് ശേഷം ചുവർചിത്രകല പഠിച്ച് മികവ് തെളിയിക്കുന്ന ഒരു കൂട്ടമാളുകളുണ്ട് നവരസയിൽ. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടായിരുന്ന ഡോ.ലളിതാ സന്തോഷിന് ഒരു ന്യൂഇയർ പ്രോഗ്രാമിൽ നവരസയിലെ വിദ്യ ടീച്ചറുടെ പഠിതാക്കൾ വരച്ച ചിത്രങ്ങൾ കണ്ടപ്പോഴാണ് മ്യൂറൽ പെയിന്റിംഗ് പഠിക്കണമെന്ന് തോന്നിയത്.അതുവരെ പെൻസിലും പെയിന്റും ബ്രഷും കൈകൊണ്ട് തൊട്ടിട്ടു പോലുമില്ലാത്ത ഇവർ ഓൺലൈനായി മ്യൂറൽ പെയിന്റിംഗ് പഠിച്ചു തുടങ്ങി. ഇപ്പോൾ വര വഴങ്ങിത്തുടങ്ങിയെന്ന് ഹയർ സെക്കൻഡറി അദ്ധ്യാപികയായിരുന്ന ഡോ.ലളിതാ പറയുന്നു.

ചിന്മയ വിദ്യാലയത്തിൽ 25 വർഷത്തോളം അദ്ധ്യാപികയായിരുന്ന ഗീതയുടെ കഥയും ഇങ്ങനെയൊക്കെ തന്നെ.സ്വന്തമായി എന്തെങ്കിലും ചെയ്യാൻ താൽപര്യം തോന്നിയയതോടെ നവരസ ഇൻസ്റ്റിറ്റിയൂട്ടിലെ ആദ്യ പഠിതാവായെന്ന് ഇവർ പറയുന്നു.ജീവിതം ആസ്വദിക്കാൻ ഒന്നോ രണ്ടോ മണിക്കൂർ ഇതുവഴി തങ്ങൾ നീക്കിവയ്ക്കുകയാണെന്നാണ് റിട്ട.അദ്ധ്യാപിക ദീപ്തിയുടെ വാക്കുകൾ.
ഓരോ ചിത്രം ചെയ്യുമ്പോഴും വലിയ മാനസിക ഉല്ലാസമാണ് കിട്ടുന്നതെന്നാണ് മറ്റൊരു പഠിതാവായ ബി.എസ് ലാലി പറയുന്നത്.

പ്രകൃതി വർണങ്ങളിലൂടെ ജീവൻ
കാവി ചുവപ്പ്, കാവി മഞ്ഞ, ഇലച്ചായങ്ങളായ ഹരിത പച്ച, നീല, തുരിശ് തുടങ്ങിയ പ്രകൃതി വർണ്ണങ്ങളാണ് ക്യാൻവാസിലെ ചുവർചിത്രങ്ങൾക്ക് ഇവർ ഉപയോഗിക്കുന്നത്. ഗണപതി, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ തുടങ്ങി ഒട്ടേറെ പുരാണ കഥാപാത്രങ്ങൾ ചിത്രങ്ങളായി കഴിഞ്ഞു.