ചെറുവത്തൂർ കൊവ്വൽ (കുളം) സ്റ്റോപ്പിൽ നിർത്തും

ചെറുവത്തൂർ : ചെറുവത്തൂർ കൊവ്വൽ(കുളം) സ്റ്റോപ്പിൽ നിർത്താതെ ദേശീയപാതയിലൂടെ പോകുന്ന ബസുകൾ തടഞ്ഞു തിരിച്ചുവിട്ട് നാട്ടുകാർ. ചെറുവത്തൂർ കൊവ്വൽ സ്റ്റോപ്പിൽ നിർത്തുന്നതിന് ബസുകൾ മുഴുവൻ സർവ്വീസ് റോഡിലൂടെ ഓടിച്ചുപോകണം. എന്നാൽ ചെറുവത്തൂർ ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തുനിന്നും വരുന്ന സർക്കാർ സ്വകാര്യ ബസുകൾ പുതുതായി നിർമ്മിച്ച ദേശീയപാതയിലൂടെ അതിവേഗം ഓടിച്ചുപോകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അതേസമയം ചില സ്വകാര്യ ബസുകൾ സർവ്വീസ് റോഡിലൂടെ തന്നെ പോയി യാത്രക്കാരെ കയറ്റി പോകുന്നുണ്ട്.

കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരുന്ന ദീർഘദൂര സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളുമാണ് സർവ്വീസ് റോഡിൽ കയറാതെ ഓടിച്ചുപോകുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയിൽ നിന്ന് കൊവ്വൽ സ്റ്റോപ്പിൽ നിർത്തണമെന്ന് ബസ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജീവനക്കാർ പാലിച്ചിരുന്നില്ല. സർവ്വീസ് റോഡിലൂടെ ബസുകൾ വരാത്തതിനാൽ യാത്രക്കാർ പൊരിവെയിലത്ത് കാത്തുനിൽക്കുകയാണ്. ഇരുന്നൂറും മുന്നൂറും മീറ്റർ ദൂരങ്ങളിലേക്ക് മാറി നിന്നാണ് യാത്രക്കാർ ബസുകളിൽ കയറുന്നത്.

ഹൈവേ വരുമ്പോൾ രണ്ടു ഭാഗത്തെ സ്റ്റോപ്പുകളും ഇല്ലാതാകുമെന്ന പ്രചാരണം നടക്കുന്നുണ്ട്. ദേശീയപാതയിൽ ബസ് ഗതാഗതം ആരംഭിച്ചത് മുതലുള്ള അംഗീകൃത സ്റ്റോപ്പുകളാണ് ചെറുവത്തൂർ കൊവ്വലിലേത്. ബസ് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കുന്നതിനാണ് ജനങ്ങൾ സംഘടിതരായി ഇന്നലെ ഇറങ്ങി ബസ് ജീവനക്കാരോട് ആവശ്യങ്ങൾ അറിയിച്ചത്. ഇതിനിടയിൽ ചില ബസ് ഡ്രൈവർമാർ രോഷം കൊണ്ടതിനാൽ വാക്കുതർക്കങ്ങളും ഉണ്ടായി. മുകേഷ് ബാലകൃഷ്ണൻ, കൊക്കോട്ട് നാരായണൻ, അനിൽകുമാർ പത്രവളപ്പിൽ, കെ. സുന്ദരൻ, രാജീവൻ മുണ്ടക്കണ്ടം തുടങ്ങിയവർ നേതൃത്വം നൽകി.