ഡി.വൈ.എഫ്.ഐ പ്രതിഷേധം; പണിമുടക്കിയ ബസുകൾ തടഞ്ഞു
തലശ്ശേരി: തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തലശേരി കേന്ദ്രീകരിച്ച് ബസ് തൊഴിലാളികൾ നടത്തിയ പണിമുടക്ക് അവസാനിച്ചു. ഞായറാഴ്ച എല്ലാ ബസുകളും സാധാരണ നിലയിൽ സർവിസ് നടത്തി. ബസുടമകളും തൊഴിലാളി യൂനിയനുകൾ പണിമുടക്ക് പിൻവലിച്ചിട്ടും കണ്ടക്ടറെ മർദിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭാഗികമായി ബസുകൾ സർവീസ് നടത്തിയിരുന്നില്ല. ശനിയാഴ്ച സർവിസ് നടത്താത്ത ബസുകൾ ഇനി ഓടേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകിയിരുന്നു.
യൂനിയനുകളുടെ പ്രഖ്യാപനമില്ലാതെ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ആഹ്വാനമനുസരിച്ച് ശനിയാഴ്ച പണിമുടക്കിയ ബസുകൾ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സ്വകാര്യ ബസ് സർവിസ് പുനസ്ഥാപിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിലെത്തി ഓടുന്ന ബസുകൾ തടയുകയും താക്കോൽ പിടിച്ചുവാങ്ങുകയും ചെയ്‌തെന്ന് ബസ് തൊഴിലാളികൾ ആരോപിച്ചു. മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നു പൊലിസ് അറിയിച്ചു. സംശയമുള്ളവരെ പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്. കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് തൊട്ടിൽപ്പാലംതലശേരി റൂട്ടിൽ തുടങ്ങിയ ബസ് പണിമുടക്ക് തലശേരി താലൂക്കിലുടനീളം വ്യാപിക്കുകയും ചെയ്തു. അന്തർജില്ലയിലെ യാത്രക്കാരും ഏറെ പ്രയാസം നേരിട്ടു. അതേസമയം, ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ മുഖ്യപ്രതികളെ ഇതുവരെ പൊലീസിനു പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ ഉടൻ പിടികൂടുമെന്ന് ബസുടമകൾക്കും തൊഴിലാളി യൂനിയനുകൾക്കും പൊലിസ് ഉറപ്പു നൽകിയിരുന്നു.