ഭീമനടി: മാസങ്ങളായി തകർന്നുകിടക്കുന്ന കാലിക്കടവ് - കുറുഞ്ചേരി റോഡിനോട് വാർഡ് മെമ്പറും പഞ്ചായത്ത് ഭരണാധികാരികളും കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ കാലിക്കടവ് നവോദയ സംഘം പ്രതിഷേധിച്ചു.
ദിനംപ്രതി അനവധി സ്കൂൾ വാഹനങ്ങളും, കെ.എസ്.ആർ.ടി.സി ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പഞ്ചായത്തിലെ പ്രധാന റോഡാണ് കാലിക്കടവ് - കുറുഞ്ചേരി റോഡ്. കുവപ്പാറ കോളനി, കുവപ്പാറ സബ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
വെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴി മനസിലാകാതെ, ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണ്. റോഡരികിലെ അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണമാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം.
കഴിഞ്ഞ പഞ്ചായത്ത് ബഡ്ജറ്റിൽ റോഡിന്റെ ടാറിംഗിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മഴ മാറി ടാറിംഗ് ആരംഭിക്കുന്നതുവരെ താത്കാലിക പരിഹാരം അധികൃതരുടെ ഭാഗത്തും നിന്ന് ഉണ്ടാകണമെന്ന് സംഘം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ആന്റണി ജോസഫ്, സെക്രട്ടറി ടോണി ജോസഫ്, സ്കറിയ ഫിലിപ്പ്, സാജൂ മാരൂർ, സി.ജെ സണ്ണി, സന്തോഷ്, കെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
മാസങ്ങളായി തകർന്നു കിടക്കുന്ന കാലിക്കടവ് - കുറുഞ്ചേരി റോഡ്.