sylaja

കണ്ണൂർ: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴടങ്ങാൻ പോയ പ്രതികൾക്ക് സി.പി.എം യാത്ര അയപ്പ് നൽകി. മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു. 30 വർഷത്തിന് ശേഷമാണ് പ്രതികൾ വിചാരണക്കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ ഇന്നലെ വൈകിട്ട് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോഴും ബന്ധുക്കളും പ്രവർത്തകരും അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു.

ഇന്നലെ രാവിലെ പഴശ്ശി സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് തലശേരി കോടതി പരിസരത്തുമാണ് യാത്ര അയപ്പ് നടന്നത്. പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലാണ് കെ.കെ. ശൈലജ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ഉരുവച്ചാൽ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്ണൻ, മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ്ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്ണൻ എന്നിവരാണ് പ്രതികൾ.

1994 ജനുവരി 25ന് രാത്രിയാണ് അക്രമികൾ സി. സദാനന്ദന്റെ ഇരുകാലുകളും വെട്ടിയത്. വിചാരണക്കോടതി പ്രതികൾക്ക് ഏഴുവർഷം തടവിനും 50,​000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. അപ്പീൽ പോയെങ്കിലും ജനുവരി 29ന് ശിക്ഷ ഹൈക്കോടതി ശരിവച്ചു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ പരിഗണിച്ചില്ല.

സദാനന്ദനെ ആക്രമിച്ച് 24 മണിക്കൂറിനകം എസ്.എഫ്.ഐ സംസ്ഥാന നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി. സുധീഷ് വെട്ടേറ്റ് മരിച്ചിരുന്നു.


 ശൈലജ പങ്കെടുത്തത് ദൗർഭാഗ്യകരം: സി. സദാനന്ദൻ

പ്രതികൾക്ക് യാത്ര അയപ്പ് നൽകിയതും കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ അതിൽ പങ്കെടുത്തതും ദൗർഭാഗ്യകരമാണെന്ന് സി. സദാനന്ദൻ എം.പി പ്രതികരിച്ചു. കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനമാണ് ശൈലജ സ്വീകരിച്ചത്. തനിക്ക് നീതി ലഭിക്കാൻ വൈകിയെന്ന തോന്നലുണ്ടെന്നും സി. സദാനന്ദൻ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.