പാണത്തൂർ: പനത്തടി പഞ്ചായത്ത് കല്ലപ്പള്ളി, ദൊട്ടമന, പാടിക്കൊച്ചി, പെരുമുണ്ട, വീരതണ്ടു പ്രദേശവാസികൾ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക, ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കുക, ആർ.ആർ.ടി സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക സംഘം പാണത്തൂർ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണത്തൂർ ബീറ്റ് ഫോറെസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അരുൺ രംഗത്തുമല അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി വേണുഗോപാൽ,ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, സി പി.എം പാണത്തൂർ ലോക്കൽ സെക്രട്ടറി ബിനു വർഗീസ്, കർഷകസംഘം ഏരിയ കമ്മിറ്റി അംഗം കുര്യാക്കോസ്, ഏരിയ പ്രസിഡന്റ് ഗംഗാധരൻ, വില്ലേജ് കമ്മിറ്റി സെക്രട്ടറി അജിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.