മാഹി: ഒഴിഞ്ഞുകിടക്കുന്ന ചെറിയ സ്ഥലങ്ങൾ പോലും ഉപയോഗപ്പെടുത്തി പൂക്കളും പച്ചക്കറിത്തൈകളും നട്ടുപിടിപ്പിച്ച് മാതൃക തീർക്കുകയാണ് മാഹിയിലെ കർഷകസംഘം പ്രവർത്തകർ. ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഒഴിഞ്ഞുകിടക്കുന്ന തുണ്ടുഭൂമി പോലും ഇവർ ഉപയോഗപ്പെടുത്തുന്നത്.
കൃഷിചെയ്യാനിടമില്ലാത്ത വിധം കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശത്താണ് തുണ്ടു തുണ്ടു ഭൂമികൾ ഇവർ കൃഷിക്കായി പ്രയോജനപ്പെടുത്തുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഇവർ ഓരോ കൃഷിയും നടത്തുന്നത്. കർഷകസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷമാണ് പൂ കൃഷി നടത്തുന്നത്. മാഹി ഓടത്തിനകം റോഡിൽ പ്രവാസിയായ ജിനോസ് ബഷീറിന്റെ ഭൂമിയിലാണ് ഇത്തവണയും കൃഷി നടത്തുന്നത്.
വാടാ മല്ലിയും ചെണ്ടുമല്ലിയും ഉൾപ്പെടെ ആറ് നിറങ്ങളിലുള്ള പൂക്കൾ ഓണത്തിന് മയ്യഴിയുടെ വിപണിയിലുണ്ടാകും.പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഇവർ എല്ലാദിവസവും രാവിലെയും വൈകിട്ടും ഇവർ മാറിമാറി കൃഷിയിടം പരിപാലിക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ ഏഴു മുതൽ 11 മണി വരെ എല്ലാവരും ഒരുമിച്ചിറങ്ങും.മൂവായിരത്തോളം ചെടികളാണ് ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് ലക്ഷ്യമിട്ട് ഇവിടെയുള്ളത്.
സീസൺ അനുസരിച്ച് കൃഷി
സീസൺ അനുസരിച്ചാണ് ഇവരുടെ കൃഷി. ഓണത്തിന് പൂക്കളാണെങ്കിൽ വിഷുവിന് വെള്ളരിയും ശീതകാല പച്ചക്കറികളുമാണ്. വേനലിൽ ഇത് തണ്ണിമത്തനിലേക്ക് മാറും. നേരത്തെ 45 ഇടങ്ങളിലായി വറ്റൽ മുളക് കൃഷി ചെയ്ത് ഉണക്കി പൊടിച്ച് മാഹി ചില്ലിസ് എന്ന പേരിൽ വിപണിയിലെത്തിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കാർഷിക പാരമ്പര്യം ഏറെക്കുറെ നഷ്ടപ്പെട്ടുകഴിഞ്ഞ മാഹിക്ക് പുതിയ കാർഷിക സംസ്‌കൃതിയാണ് ഈ സംഘം തിരിച്ചുപിടിച്ച് നൽകുന്നത്..