tank

കൂറ്റൻ വാട്ടർ ടാങ്ക് മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ

തലശേരി: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ കൂറ്റൻ വാട്ടർ ടാങ്കിന്റെ കീഴിൽ ഭീതിയോടെ കഴിയുകയാണ് തലശേരി പൊതുവാച്ചേരി പാറാൽ പ്രദേശവാസികൾ. കഴിഞ്ഞ ജൂൺ ആറിനാണ് പൊതുവാച്ചേരി വാട്ടർ ടാങ്കിനോട് ചേർന്ന സ്ഥലത്ത് മണ്ണിടിഞ്ഞത്.
ഇതോടെ അഞ്ചോളം വീട്ടുകാരും പൊതുവാച്ചേരി വെസ്റ്റ് എൽ.പി സ്‌കൂളും ഉൾപ്പടെ ഭീതിയിലായിരിക്കുകയാണ്.

അഞ്ച് വർഷം മുമ്പാണ് തലശേരി നഗരസഭ 20,000 ലിറ്റർ വെള്ളം സംഭരിക്കാനുള്ള വാട്ടർ ടാങ്ക് ഇവിടെ നിർമ്മിച്ചത്. സമീപവാസികളുടെ ശക്തമായ എതിർപ്പിനൊടുവിലാണ് ടാങ്ക് പണിതത്.കഴിഞ്ഞ ജൂൺ ആറിനാണ് ഇന്ദ്രാസിൽ വി രശ്മിയുടെ വീടിന്റെ സൺഷെയ്ഡിലേക്ക് ടാങ്കിന് സമീപത്തെ മണ്ണിടിഞ്ഞ് വീണത്. അപകടത്തെ തുടർന്ന് തലശ്ശേരി നഗരസഭാദ്ധ്യക്ഷ കെ.എം.ജമുനാ റാണിയും കൗൺസിലർ വി.ഗീതയും സ്ഥലം സന്ദർശിച്ച് രശ്മിയെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറാൻ നിർദേശിച്ചു. ഇതനുസരിച്ച് പാനൂരിലെ ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ് രശ്മിയും മക്കളും പ്രായാധിക്യമുള്ള മാതാപിതാക്കളും. തൊട്ടുതാഴെയുള്ള പൊതുവാച്ചേരി വെസ്റ്റ് എൽ.പി സ്‌കൂളിൽ പഠിക്കുന്ന രശ്മിയുടെ മകന് വീട് മാറിയതിനാൽ ക്ളാസും നഷ്ടപ്പെട്ടു.

ഉത്തരവിറങ്ങി,​ നടപടിയില്ല

കൂറ്റൻ വാട്ടർ ടാങ്ക് അപകടാവസ്ഥയിലാണെന്ന് കാട്ടി രശ്മി ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിരുന്നു. പരാതി പരിഗണിച്ച് ദുരന്തനിവാരണ നിയമം 33,34 വകുപ്പ് പ്രകാരം വീടിനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് ജൂലായ് 11ന് കളക്ടർ ഉത്തരവും നൽകി. എന്നാൽ ഈ ഉത്തരവിൽ ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് രശ്മി പറയുന്നത്.

അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് വീണാൽ കിടപ്പുരോഗികളടക്കം ഉള്ള അഞ്ചു വീട്ടുകാരെ സാരമായി ബാധിക്കും.അപകടം വന്നാൽ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് ഇവരെല്ലാം.

സ്കൂളാണ്,​ രക്ഷാ നടപടിക്ക് ഇനിയും കാക്കണോ
നിരവധി കുട്ടികൾ പഠിക്കുന്ന പൊതുവാച്ചേരി വെസ്റ്റ് എൽ.പി സ്‌കൂളിനും വലിയ ഭീഷണിയാണ് മറിഞ്ഞുവീഴാൻ ഒരുങ്ങി നിൽക്കുന്ന ടാങ്ക് സൃഷ്ടിച്ചിരിക്കുന്നത്. സ്‌കൂളിന്റെ മൂത്രപ്പുര സ്ഥിതി ചെയ്യുന്നത് വാട്ടർ ടാങ്കിന് സമീപത്താണ്. കുട്ടികൾ മൂത്രപ്പുരയിൽ പോകുന്ന സമയത്ത് അപകടം സംഭവിച്ചാൽ വൻദുരന്തമായിരിക്കും ഫലമെന്ന് സമീപവാസികൾ പറയുന്നു. ഇത്രയും വലിയ ടാങ്ക് സ്ഥാപിക്കുമ്പോൾ മതിയായ മണ്ണ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കേണ്ടതായിരുന്നില്ലെയന്നാണ് പ്രദേശവാസികളുടെ ചോദ്യം.