regulater

പിണറായി: പിണറായി ഗ്രാമപഞ്ചായത്തിൽ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ ചേക്കുപാലത്ത് നിർമ്മിച്ച ഉമ്മൻചിറ റെഗലേറ്റർ കം ബ്രിഡ്ജ് 12 ന് രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഇതോടെ എരഞ്ഞോളി, പിണറായി ഗ്രാമപഞ്ചായത്തുകളിൽ ഉപ്പുവെള്ളം കയറിയുള്ള കൃഷിനാശത്തിനും കുടിവെള്ള ദൗർലഭ്യത്തിനും ശാശ്വത പരിഹാരമാകും. റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനമാരംഭിക്കുന്നതോടെ പിണറായി എരഞ്ഞോളി പഞ്ചായത്തിലെ 1360 ഹെക്ടർ ഭൂമി ഇതിലൂടെ കൃഷിക്ക് ഉപയോഗപ്രദമാകും.

മുഖ്യമന്ത്രിയുടെ നിർദേശാനുസരണം 2020 ജനുവരിയിലാണ് 30.03 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 2022 ഒക്ടോബറിൽ ഇത് 36.82 കോടിയായി ഉയർത്തി. കിഫ്ബി ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. 34.747 കോടി രൂപയ്ക്കാണ് പണിപൂർത്തിയായത്. സംസ്ഥാന ജല വിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ടർ ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല. 123 മീറ്റർ നീളമുള്ള പാലത്തിൽ 48 മീറ്റർ നീളത്തിൽ റഗലേറ്ററുകൾ ഉണ്ട്.

ഉമ്മൻചിറ റഗുലേറ്റർ കം ബ്രിഡ്ജ്

123 മീറ്റർ നീളം

48മീറ്റർ റഗുലേറ്റർ

34.747 കോടി ചിലവ്

പകിട്ടോടെ പാലം

തലശ്ശേരി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ ചേക്കുപ്പാലത്തുള്ള കാലപ്പഴക്കം ചെന്ന റോഡ് പാലത്തിന് പകരം പുതിയ പാലം വേണ്ടതിനാൽ റെഗുലേറ്ററിന് മുകളിൽ പാലം കൂടി നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ എയർപോർട്ടു റോഡ് നാലുവരി ആക്കമ്പോൾ രണ്ടുവരി പാത ഇതിന് മുകളിലൂടെയാകും.