rubber
വെട്ടിലായി റബ്ബർ കർഷകർ

നീലേശ്വരം: കാലാവസ്ഥാ വ്യതിയാനം മൂലം മലയോരത്ത് റബ്ബർ ഉത്പാദനം പകുതിയായി കുറഞ്ഞു. കാറ്റും ഇല കൊഴിച്ചിലും മൂലം ഉത്പാദനം കുറഞ്ഞതോടെ കർഷകർ ടാപ്പിംഗ് നിർത്തി വച്ചിരിക്കുകയാണ്.

ഈ വർഷം നിർത്താതെ പെയ്യുന്ന കനത്തമഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റിൽ റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞു വീഴുകയാണ്. അതിനാഷ പാലുത്പാദനം ഗണ്യമായി കുറഞ്ഞതായി കർഷകർ പറഞ്ഞു. പാലുത്പാദനം കുറഞ്ഞതോടെ മഴക്കാലങ്ങളിൽ പ്ലാസ്റ്റിക്ക് ക്ഷീറ്റിട്ട് ടാപ്പ് ചെയ്യുന്നത് നിർത്തിയിരിക്കയാണ്.

സീസണിൽ 252 രൂപ വരെ റബറിന് വില ഉയർന്നതാണ്. എന്നാൽ ആഴ്ചകൾക്കുള്ളിൽ അത് കുറഞ്ഞു. വ്യാപാരികളാകട്ടെ വിപണി വിലയേക്കാൾ 5 മുതൽ 8 രൂപവരെ കുറച്ചാണ് റബ്ബർ എടുക്കുന്നത്. അതേസമയം റബ്ബർ ഉത്പാദക സംഘങ്ങൾ റബ്ബർ സംഭരണം തുടങ്ങിയത് കർഷകർക്ക് ആശ്വാസമാകുമ്പോഴും കിലോക്ക് 210 രൂപയ്ക്ക് മുകളിൽ ഇപ്പോൾ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ കൃഷി ചെയ്തിട്ട് കാര്യമില്ലെന്ന് കർഷകർ പറയുന്നു.

രാജ്യാന്തര വില 200 രൂപയ്ക്ക് മുകളിലുണ്ടായിട്ടും കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പക്ഷം. കൂലിയും വളത്തിന്റെയും പരിചരണത്തിന്റെയും ചിലവ് കഴിച്ചാൽ നഷ്ടമാണെന്ന് കർഷകർ പറയുന്നു. സ്വന്തമായി ടാപ്പിംഗ് ചെയ്യുന്നവർക്ക് കൂലിച്ചെലവ് മാത്രമാണ് ലഭിക്കുന്നത്.

ആവർത്തനകൃഷിയിൽ നിന്ന് പിന്നോട്ട്

അടുത്തമാസം പകുതിയോടെ റബർ ടാപ്പിംഗ് പൂർണമായും നിർത്താനാണ് കർഷകരുടെ ആലോചന. ഇപ്പോൾ കർഷകർ മിക്ക തോട്ടങ്ങളിലും ആവർത്തന കൃഷി ചെയ്യുന്നതും നീളുകയാണ്. അതുകൊണ്ടുതന്നെ രണ്ടു മൂന്ന് വർഷമായി നഴ്സറികളിൽ റബ്ബർ തൈകൾ കെട്ടിക്കിടക്കുകയാണ്. ആവർത്തന കൃഷി നടത്താതെ തെങ്ങ്, കുരുമുളക്, കമുക്, വാഴ, ജാതി എന്നിവ നടുന്ന കർഷകരുമുണ്ട്.

റബർ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വില സ്ഥിരത ഫണ്ട് 180 രൂപയിൽ നിന്നും 210 രൂപയാക്കി ഉയർത്തണം

റബ്ബർ കർഷകർ