kannur

കണ്ണൂർ: ഉത്തര മലബാറിലെ ടൂറിസം സാദ്ധ്യത ആഗോള വിനോദസഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നടക്കും. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്,​ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ,​ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്,​ മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവംബർ 15, 16 തീയതികളിൽ മേള നടക്കുന്നത്.

വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള നൂറോളം സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട ടൂർ ഓപ്പറേറ്റർമാർക്ക് മുന്നാകെ അവതരിപ്പിക്കും.ടൂർ ഓപ്പറേറ്റർമാരും ഉത്തര മലബാറിലെ ടൂറിസം സംരംഭകരും ബിടുബി മീറ്റിംഗിൽ പങ്കെടുക്കും. സംരംഭകർക്ക് അവരുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും ശരിയായി മാർക്കറ്റ് ചെയ്യാനുള്ള വർക്ക്‌ഷോപ്പും സംഘടിപ്പിക്കും.പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ഫാം സ്റ്റേകൾ, ഹൗസ് ബോട്ടുകൾ, ആയുർവ്വേദ പഞ്ചകർമ്മ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ടൂർ പ്ലാനർമാർ, മൈസ് പ്ലാനേഴ്സ്, ഹോസ്പിറ്റലുകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എജൻസികൾ, ഫാം ടൂറിസം പ്രൊമോട്ടേഴ്സ് തുടങ്ങിയവർ സ്റ്റാളുകൾ സജ്ജീകരിക്കും.രണ്ടാം ദിനം പൊതുജനങ്ങൾക്ക് വിവിധ സ്റ്റാളുകൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കും. പ്രവേശനം സൗജന്യമാണ്.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാറും സെക്രട്ടറി സി.സുനിൽ കുമാർ,​ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ രക്ഷാധികാരി പത്മശ്രീ എസ്.ആർ.ഡി.പ്രസാദ്, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ, മെട്രോ മാർട്ട് സി.ഇ.ഒ. സിജി നായർ,നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ കെ. നാരായണൻ കുട്ടി, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡന്റുമാരായ ടി.വി.മധുകുമാർ, കെ.കെ.പ്രദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മേളയെ ആകർഷകമാക്കാൻ

നോർത്ത് മലബാർ ടൂറിസം സർക്യൂട്ടുകൾ ആവിഷ്‌കരിക്കും

 സ്പിരിച്വൽ ടൂറിസം, ക്രൂയിസ് ടൂറിസം, ഹെൽത്ത് ടൂറിസം, മൈസ് ആന്റ് വെഡ്ഡിംഗ് ടൂറിസം, വെൽനെസ്സ് ടൂറിസം സെമിനാറുകൾ.
നോർത്ത് മലബാറിന്റെ രുചി വൈവിധ്യം

 സാംസ്‌കാരിക തനിമ, നാടൻ കലാരൂപങ്ങൾ കലാസാംസ്‌കാരിക പരിപാടികൾ


എയർലൈൻ കണക്ടിവിറ്റി കൂട്ടാൻ കിയാൽ

ഉത്തര മലബാറിലേക്കുള്ള എയർലൈൻ കണക്ടിവിറ്റി പരമാവധി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ സി ദിനേശ് കുമാർ അറിയിച്ചു.വിനോദ സഞ്ചാരികൾക്കു വേണ്ട പരമാവധി സൗകര്യങ്ങൾ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഉറപ്പു വരുത്തുന്നുണ്ടെന്നും ഉത്തര മലബാറിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം തന്നെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ പൂർണ്ണ പിന്തുണ ഉറപ്പു നൽകുമെന്നും ദിനേശ് കുമാർ കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.nmtb.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ഫോൺ: 9947733339/9995139933.

ഇമെയിൽ:northmalabartravelbazar@gmail.com