കണ്ടെത്തിയത് ഇരിട്ടി ടൗണിലെ കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ
ഇരിട്ടി: തമിഴ്നാട് സ്വദേശിയായ കൂലിത്തൊഴിലാളിയെ ഇരിട്ടി ടൗണിലെ കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശി ദാസനെയാണ് ഇരിട്ടി ബസ്റ്റാന്റ് ബൈപ്പാസ് റോഡിലെ ലോറിസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മുകളിലെ ഗോവണിപ്പടിയിൽ മരിച്ചു കിടക്കുന്ന നിലയിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇരിട്ടി ടൗണിലും സമീപ പ്രദേശങ്ങളിലും കൂലിപ്പണിയെടുത്ത് ഉപജീവനം നയിക്കുകയായിരുന്നു ദാസൻ. ഇരിട്ടി മേഖലയിൽ ഇയാളുടെ കുടുംബക്കാർ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ആർക്കും അറിയില്ല . ഇരിട്ടി എസ് .ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദിന്റെയും വ്യാപാരികളുടെയും സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.