പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് സ്കൂൾ സ്റ്റോപ്പിൽ നിർത്തിയിട്ട ബസ്സിന്റെ പുറകിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി , കാർ യാത്രികന് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പുറകിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. എടാട്ട് സെൻട്രൽ സ്കൂൾ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി ബസ് പോകാൻ ഒരുങ്ങുമ്പോഴാണ് നിയന്ത്രണം വിട്ട കാർ പുറകിൽ വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റ കാർ യാത്രികൻ തളിപ്പറമ്പ് മഴൂർ സ്വദേശി ഒ.വേണുഗോപാലൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞ് പയ്യന്നൂർ പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡിൽ നിന്നും നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽപ്പെട്ട വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.