മട്ടന്നൂർ: നഗരത്തിലെ പ്രധാന കേന്ദ്രമായ കണ്ണൂർ റോഡിലെ കോളേജ് റോഡ് ജംഗ്ഷനിൽ യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ടായിരുന്ന സീബ്ര ലൈൻ ഓർമ്മയായിട്ട് ഒരുപാടായി. വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. ഒപ്പം നിരന്തരം യാത്ര ചെയ്യുന്ന വഴി യാത്രക്കാരും. മഴ തുടരുന്നതോടെ റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെറും 2 കിലോ മീറ്റർ മാത്രം അകലെയുള്ള ഈ നഗരത്തിൽ ധൈര്യത്തിൽ റോഡു മുറിച്ചു കടക്കാൻ കഴിയാത്ത അവസ്ഥയാണ്. വളരെ വേഗത്തിൽ സീബ്രാലൈൻ ഉൾപ്പെടെ യാത്രക്കാർക്ക് സൗകര്യപ്പെടുന്ന സംവിധാനമൊരുക്കണം എന്നാണ് സമീപത്തെ കച്ചവടക്കാരും വഴിയാത്രക്കാരും ആവശ്യപ്പെടുന്നത്.

കുട്ടിക്കളിയല്ല സീബ്രാ

കാൽനട യാത്രക്കാർക്ക് പൊതുഗതാഗത പാത മുറിച്ചുകടക്കാനുള്ള ക്രമീകരണമാണ് സീബ്രാ ക്രോസ്സിംഗ്. ലോകത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെട്ട ഒരു സംവിധാനമാണിത്. ഒരു സീബ്രയുടെ ശരീരത്തിലെ വരകളുടെ സദൃശമായി റോഡിൽ ഇരുണ്ടതും മങ്ങിയ നിറത്തിലുള്ളതുമായ സമാന്തര വരകൾ രേഖപ്പെടുത്തുന്നു. സീബ്ര ക്രോസ്സിംഗിൽ കാൽനട യാത്രക്കാരുള്ളപ്പോൾ വാഹനങ്ങൾ നിർത്തി അവർക്ക് സൗകര്യമൊരുക്കണമെന്നാണ് നിയമം.