nellu

കണ്ണൂർ: നെല്ല് സംഭരിച്ച ഇനത്തിൽ സപ്ലൈകോയിൽ നിന്നുമുള്ള കുടിശ്ശിക ലഭിക്കാതെ ജില്ലയിലെ നെൽകർഷകർ. കണ്ണൂർ ജില്ലയിൽ മാത്രം 93 കർഷകർക്കായി 42 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. നിലവിൽ 2024 ഡിസംബർ വരെ പാഡി മാ‌ർക്കറ്റിംഗ് ഓഫീസർമാർ വെരിഫൈ ചെയ്ത തുക വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവ് വന്നിട്ടുണ്ട്. ബാക്കി തുക കർഷകർക്ക് അടിയന്തിരമായി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഉത്തരവ് വന്നിട്ടില്ല.

നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ 1000 കോടി രൂപ കേരളത്തിന് നൽകാനുണ്ടെന്നാണ് നേരത്തെ കൃഷി മന്ത്രി പറഞ്ഞത്. സംസ്ഥാനമാണ് ഈ തുക കർഷകർക്ക് നൽകുന്നത്. കർഷർക്ക് നെല്ലിന്റെ വില നൽകാൻ മാവേലിസ്റ്റോറിലെ വിറ്റുവരവ് തുക പോലും എടുത്ത അവസരങ്ങളുണ്ടെന്നും ഭക്ഷ്യമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. നെൽകർഷകർക്കുള്ള കുടിശ്ശിക ഓണത്തിന് മുൻപ് നൽകുമെന്ന ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ വാക്കുകളെ വിശ്വസിച്ചുനിൽക്കുകയാണ് നിലവിൽ പണം ലഭിക്കാനുള്ള കർഷകർ.നെല്ല് സംഭരിച്ചതിന് കർഷകർക്ക് കൃത്യസമയത്ത് പണം ലഭ്യമാകാത്ത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നോടിയായി കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ഡോ.ബേബി അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.

സിബിൽ സ്കോറിൽ കുടുങ്ങി കർഷകർ

നിലവിൽ കർഷകരുടെ പേരിൽ തന്നെ കടം എടുത്താണ് സർക്കാർ സംഭരിച്ച നെല്ലിന്റെ വില നൽകുന്നത്.സർക്കാർ തിരിച്ചടക്കാൻ വൈകുന്നത് കർഷകരുടെ സിബിൽ സ്കോർ കുറയുന്നതിന് ഇടയാക്കുന്നു. ഇതുമൂലം മറ്റ് ആവശ്യങ്ങൾക്കു ചെല്ലുമ്പോൾ ലോൺ ലഭിക്കുന്നതിന് തടസമാകുന്നു.സിബിൽ സ്‌കോർ കുറവായതിനാൽ അടുത്തവർഷം കൃഷി ചെയ്യാനുള്ള പണം കടമെടുക്കാൻ പോലും സാധിക്കില്ലെന്നാണ് ഇവരുടെ പരാതി. സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ കഴിഞ്ഞ വർഷത്തെ കടം ബാങ്കുകൾക്ക് കൊടുത്തു തീർത്തതിനു ശേഷം മാത്രമെ ഇപ്പോൾ സംഭരിക്കുന്ന നെല്ലിന്റെ വില നൽകാനിടയുള്ളു.ഇതും കർഷകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.

33.89 കോടി സബ്സിഡി അനുവദിച്ചു
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 33.89 കോടി സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ അനുവദിച്ചിച്ചുണ്ട്. ഈ വർഷം നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ 606 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ 318.89 കോടി ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് സിവിൽ സപ്ളൈസ് കോർപറേഷൻ പറയുന്നത്.

നെല്ല് സംഭരണ കുടിശ്ശിക

സംസ്ഥാനത്ത് 14182 127.99 കോടി

കണ്ണൂർ 93 42 ലക്ഷം

കാസർകോട് 64 35 ലക്ഷം