കണ്ണൂർ: കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വൻസംഘർഷം. രാവിലെ പത്തുമണിയോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകരും യു.ഡി.എസ്.എഫും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഏറെ നേരം തുടർന്നു. സംഘർഷത്തിൽ സിവിൽ പൊലീസ് ഓഫീസർ രജനി, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അശ്വന്ത്, കണ്ണൂർ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശൻ എന്നിവർക്ക് പരിക്കേറ്റു.
കാസർകോട് എം.ഐ.സി കോളേജിലെ യു.യു.സി സഫ്വാനെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് യു.ഡി.എസ്.എഫ് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.ഇതിന്റെ തുടർച്ചയായി പിന്നീട് പലതവണ എസ്.എഫ്.ഐ- യു.ഡി.എസ്.എഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. ഇതിനിലാണ് എസ്.എഫ്.ഐ നേതാക്കൾക്കും വനിതാ സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റത്.
സഫ്‌വാനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഉയർത്തിയ യു.ഡി.എസ്.എഫ് പ്രവർത്തകർ കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് കുറ്റപ്പെടുത്തി.ഇതിന് പിന്നാലെ തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട സഫ് വാൻ വോട്ട് ചെയ്യാനെത്തിയില്ലെന്ന് തെളിയിക്കുന്ന വീഡിയോ എസ്.എഫ്.ഐ പുറത്തുവിട്ടു. പിന്നാലെ കെ.എസ്.യു -എം.എസ്.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപണവമുയർത്തി. ഐഡന്റിറ്റി കാർഡ് ഇല്ലാതെ പൊലീസിനെ വകവെക്കാതെ കെ.എസ്.യു എം.എസ്.എഫ് പ്രവർത്തകർ സർവകലാശാലയിലേക്ക് കടക്കാൻ ശ്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു.
സ്ഥാനാർത്ഥി ബാലറ്റ് തട്ടിപ്പറിച്ചോടിയെന്ന് യു.ഡി.എസ്.എഫ്
സംഘർഷം പുകയുന്നതിനിടയിൽ എം.എസ്.എഫുകാരിയായ യു.യു.സിയുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പും എസ്.എഫ്.ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി കെ.അധീഷ തട്ടിപ്പറിച്ചോടിയെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ രംഗത്തുവന്നു.തുടർന്ന്
പൊലീസ് തടഞ്ഞുവച്ച അധീഷയെ വിട്ടുകിട്ടാൻ എസ്.എഫ്‌ഐ പ്രവർത്തകരെത്തി. ബാഗും പേപ്പറും മറ്റു പ്രവർത്തകരിലേക്ക് കൈമാറിയ അധീഷ ഇതിനിടയിൽ ഓടി രക്ഷപ്പെട്ടു. ഈ പേപ്പറിൽ എന്താണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.ഇതോടെ എസ്.എഫ്.ഐ- യു.ഡി.എസ്.ഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലായി. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ഈ സംഭവത്തിന് ശേഷം കുറച്ചുസമയത്തേക്ക് സ്ഥിതി നിയന്ത്രണ വിധേയമായെങ്കിലും യു.ഡി.എസ്.എഫ് യു.യു.സിമാർ എത്തിയ ബസിന് മുന്നിൽ വച്ച് ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടി. എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചവരെ പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഘർഷം. ബസിന്റെ ടയറിന്റെ കാറ്റഴിച്ചുവിടാനും നീക്കമുണ്ടായി. ഏറെ പരിശ്രമിച്ചാണ് ഇവിടെ നിന്ന് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
സംഭവമറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി എന്നിവർ സ്ഥലത്തെത്തി.സിറ്റി എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് യൂണിവേഴ്സിറ്റി പരിസരത്ത് ക്യാമ്പ് ചെയ്തത്.
സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും.ശരിയായിട്ടും തെറ്റായിട്ടുമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഏഴോളം പരാതികൾ ഈ ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ ഈ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുകയുള്ളു''പി.നിധിൻരാജ് ( സിറ്റി പൊലീസ് കമ്മീഷണർ)
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എസ്.എഫ് നീക്കം നടത്തിയത്. 133ൽ ബഹൂഭൂരിപക്ഷം യു.യു.സിമാരും എസ്.എ.എഫ്‌ഐയുടേതാണ്.ടൗൺ എസ്.ഐ വി .വി ദീപ്തി പ്രവർത്തകരെ അകാരണമായി മർദ്ദിക്കുകയായിരുന്നുപി.എസ്. സഞ്ജീവ്( സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ)
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് എസ്.എഫ്.ഐ നടത്തിയത്. എം.എസ്.എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്.എഫ്.ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി തട്ടിപ്പറിച്ച് ഓടി. ഇങ്ങനെ ജയിക്കുന്നതിനേക്കാൾ അന്തസ്സ് തോൽക്കുന്നതാണ്'
പി.കെ.നവാസ്
( എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്)