മാഹി: അഴിയൂർ പഞ്ചായത്തിലുൾപ്പെടുന്ന മാഹി റെയിൽവേ സ്റ്റേഷനിലെ ബസ് പാർക്കിംഗ് പ്രശ്നം അന്തർ സംസ്ഥാന പ്രശ്നമായി മാറുന്നു. മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓടുന്ന പി.ആർ.ടി.സിയുടെയും മാഹി ട്രാൻസ്‌പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും ആകെ എട്ട് ബസുകളാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. പി.ആർ.ടി.സി യുടെ ബസ് സർവീസ് ആരംഭിച്ച് 30 വർഷത്തോളമായി. സഹകരണ ബസുകൾ 20 വർഷങ്ങൾ പിന്നിടുന്നു. കുറഞ്ഞ യാത്രാ നിരക്കും കൃത്യമായ സർവീസും കാരണം റെയിൽവേ യാത്രക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഈ ബസുകളെയാണ് ആശ്രയിക്കുന്നത്.
ബസുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പുറപ്പെടുന്നത് കാരണം തങ്ങളുടെ ജോലി സാദ്ധ്യത നഷ്ടപെടുന്നു എന്ന വാദമുയർത്തി ഓട്ടോ ഡ്രൈവർമാരുടെ പരാതി പ്രകാരം വടകര ആർ.ടി.ഒ സ്ഥലം സന്ദർശിച്ച് ബസുകളുടെ രേഖകൾ പരിശോധിച്ച് പി.ആർ.ടി.സി. ബസുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് യാത്ര തുടങ്ങരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. അടുത്ത ദിവസം പി.ആർ.ടി.സി അധികൃതർ പെർമിറ്റും മറ്റ് രേഖകളുംസമർപ്പിച്ചതിന് ശേഷം ആർ.ടി. ഒ പിൻമാറി. പിന്നീട് ചോമ്പാൽ പൊലീസ് പ്രശ്നത്തിൽ ഇടപെട്ട് പി.ആർ.ടി. സി യുടെയും ട്രാൻസ്‌പോർട് സൊസൈറ്റിയുടെയും രണ്ട് വീതം ബസുകൾ മാത്രം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ചാൽ മതി എന്ന് നിർദ്ദേശം മുന്നോട്ടുവച്ചു. ഈ നിർദേശമാണ് വിവാദമാകുന്നതും അന്തർ സംസ്ഥാന തർക്കത്തിലേക്ക് നീങ്ങുന്നതും.
മാഹി നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിലോടുന്ന ഓട്ടോറിക്ഷകളിൽ തൊണ്ണൂറുശതമാനവും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രജിസ്റ്റർ ചെയ്തവയാണ്. മാഹിയിലെ ബസുകളെ മാഹി റെയിൽവേ സ്റ്റേഷനിൽ പാർക്കു ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ മാഹിയിലെ ഓട്ടോ സ്റ്റാൻഡുകളിൽ അന്യ സംസ്ഥാനത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് മാഹിയിലെ അധികൃതർ.
രാത്രി ഓട്ടത്തിന്
ഓട്ടോയുമില്ല!
അതിനിടയിൽ രാത്രി 9 മണിക്ക് ശേഷം മാഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഓട്ടോറിക്ഷകൾക്കായി മണിക്കൂറുളോളം കാത്തിരിക്കേണ്ടുന്ന അവസ്ഥയുമാണ്. ഈ പ്രശ്നം കാരണമാണ് രാത്രിയിൽ ഓടുന്ന ദീർഘ ദൂര ട്രെയിനുകൾക്ക് മാഹിയിൽ സ്റ്റോപ്പ് അനുവദിച്ച് കിട്ടാത്തതെന്നും പറയുന്നു. മാഹിയിലെ വാതക ശ്മശാനത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനങ്ങളെ അനുവദിച്ചു കൊണ്ട് മാഹി നഗരസഭാ കമ്മീഷണർ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്.
മാഹിക്കാർക്കും കേരളീയർക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് ഒരു പോലെ പ്രയോജനപ്പെടുന്ന ദശകങ്ങൾ പഴക്കമുള്ള ബസ് പാർക്കിംഗ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.ഇ.കെ.റഫീഖ്, ജനശബ്ദം മാഹി ജനറൽ സെക്രട്ടറി