nle
നീലേശ്വരം താലൂക്ക് ആശുപത്രിക്ക് 13 കോടി ചിലവിൽ നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം സമുച്ചയത്തിന്റെ രൂപരേഖ

നീലേശ്വരം: തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും 13 കോടി രൂപ വിനിയോഗിച്ചു കൊണ്ട് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം നിർമ്മിക്കുമെന്നും ഇതിനായുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു.

മൂന്ന് നിലകളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ കെട്ടിട സമുച്ചയം പശ്ചാത്തല സൗകര്യ മേഖലയിൽ കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കുന്ന വികസന പ്രവർത്തനമാണ്. നീലേശ്വരം താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ നീലേശ്വരം മുനിസിപ്പാലിറ്റി, മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ ചീമേനി, ചെറുവത്തൂർ, പിലിക്കോട് ഉൾപ്പെടെയുള്ള ജില്ലയിലെ തെക്കൻ മേഖലയിലുള്ള തദ്ദേശസ്ഥാപന പരിധിയിലെ ജനങ്ങൾ ചികിത്സക്കായി ആശ്രയിക്കുന്നതാണ്. 583.25 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയിൽ ക്യാഷ്വാലിറ്റി, പ്ലാസ്റ്റർ റൂം, പരിശോധന മുറി, ഫാർമസി, ഫാർമസി സ്റ്റോർ, ഇ.സി.ജി, നെബുലൈസേഷൻ റൂം, നഴ്സ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഒന്നാം നിലയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, അനസ്‌തേഷ്യ റൂം, സ്റ്റാഫ് റൂം, ഡോക്ടേഴ്സ് ലോഞ്ച്, ഐ.സി.യു, വിശ്രമമുറി, നഴ്സ് സ്റ്റേഷൻ, ചെയ്ഞ്ചിംഗ് റൂം, സ്റ്റോറും തുടങ്ങിയവയും രണ്ടാം നിലയിൽ വെയിറ്റിംഗ് ഏരിയ, ദന്തൽ , ജനറൽ മെഡിസിൻ, സൈക്കാട്രി, ഗൈനക്കോളജി, ഇ.എൻ.ടി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സർജറി, ഒഫ്താൽമോളജി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ മുറികളും, ലാബ് സാമ്പിൾ കളക്ഷൻ റൂം നഴ്സിംഗ് സ്റ്റേഷൻ എന്നിവയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്ന മുറക്ക് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി നീലേശ്വരം താലൂക്ക് ആശുപത്രിമാറുമെന്ന് എം.എൽ.എ. അറിയിച്ചു.