ഡി.ആർ.എമ്മിന് ഊഷ്മളമായ വരവേൽപ്പ്
കാഞ്ഞങ്ങാട്: പ്രതിദിനം പതിനഞ്ചായിരഞ്ഞോളം യാത്രക്കാർ ട്രെയിൻ കയറുന്ന കാഞ്ഞങ്ങാട് സ്റ്റേഷനിൽ സുരക്ഷ സേന (ആർ.പി.എഫ് ) യൂണിറ്റ് സജീവമായി പരിഗണിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട് പറഞ്ഞു. മൂന്ന് ലക്ഷമാണ് കാഞ്ഞങ്ങാടിന്റെ പ്രതിദിന വരുമാനം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ ഡി.ആർ.എം വിലയിരുത്തി.
മേൽനടപ്പാലത്തിന്റെ പ്രാഥമിക ഡി.ആർ.എം വിലയിരുത്തി. കഴിഞ്ഞയാഴ്ച ഡിവിഷൻ മാനേജരായി ചുമതലയേറ്റ ശേഷം ആദ്യമായി കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയ ഡി.ആർ.എം മധുകർ റോട്ടിന് ഊഷ്മളമായ വരവേൽപ്പാണ് കാഞ്ഞങ്ങാട്ട് നൽകിയത്. പുതിയ സ്റ്റേഷൻ മാസ്റ്റർ ആർ.കെ.പ്രശാന്തൻ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം, ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.മുഹമ്മദ് കുഞ്ഞി, റെയിൽവേ ഡിവിഷണൽ കൺസൾട്ടേഷൻ അംഗം പി.എം.നാസർ, ഫോറം ജനറൽ സെക്രട്ടറി കെ.പി.മോഹനൻ, റെയിൽവേ കോമേഴ്സ് സൂപ്പർവൈസർ അഷ്രഫ്, റിസർവേഷൻ സൂപ്പർവൈസർ ബിന്ദു, സത്താർ ആവിക്കര, വി.ടി.തോമസ് എന്നിവർ സംബന്ധിച്ചു.
അഡീഷണൽ ഡി.ആർ.എം ജയകൃഷ്ണൻ, കൊമേഴ്സ്യൽ മാനേജർ അരുൺ തോമസ് തുടങ്ങി ഡിവിഷൻ തല വകുപ്പ് മേധാവികളും ഒപ്പമുണ്ടായിരുന്നു.
നിവേദനങ്ങൾ സമർപ്പിച്ചു
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കുക, കാഞ്ഞങ്ങാട് സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് നാലാമതൊരു ഫ്ളാറ്റ്‌ഫോം കൂടി അനുവദിക്കുക, പാർക്കിംഗ് സൗകര്യങ്ങൾ വിപുലപ്പെടുത്തുക, മൂന്ന് ഫ്ളാറ്റ്‌ഫോമുകളിലായി പൂർണ്ണമായി മേൽക്കൂര സ്ഥാപിക്കുക, ഷൊർണ്ണൂർ -കണ്ണൂർ മെമു ട്രെയിൻ മംഗളൂരു വരെ നീട്ടുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനങ്ങൾ സമർപ്പിച്ചു.