കണ്ണൂർ: കായികമേഖലയ്ക്ക് കരുത്ത് പകർന്ന് കണ്ണൂർ പൊലീസ് മൈതാനിയിലെ സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും ഉദ്ഘാടനത്തിനൊരുങ്ങുന്നു. കേരള പൊലീസ് സ്‌പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ സ്‌കീമിന് കീഴിലാണ് നഗരത്തിലെ പോലീസ് പരേഡ് ഗ്രൗണ്ടിലും ജില്ലാ പൊലീസ് ആസ്ഥാനത്തും സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും യാഥാർത്ഥ്യമാക്കിയത്.
ശാരീരിക ക്ഷമത, കായിക സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് കണ്ണൂർ സിറ്റി പൊലീസ് മുൻകൈയെടുത്ത് സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും ഒരുക്കിയത്.പൊതുജനങ്ങൾക്കു കൂടി പ്രയോജനപ്പെടും വിധം കായിക പരിശീലന സൗകര്യങ്ങൾ നവീകരിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.
7.56 കോടിരൂപയുടെ ഭരണാനുമതിയോടെ 2024 മേയ് ആറിനാണ് പൊലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോൾ കോർട്ട് നിർമ്മാണം ആരംഭിച്ചത്. , ഇന്റർലോക്ക് പേവിംഗ്, അലുമിനിയം കർബിംഗ്, ഗോൾ പോസ്റ്റുകൾ, ടേക്ക്-ഓഫ് ബോർഡുകൾ, മറ്റ് സ്‌പോർട്‌സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 61.31 ലക്ഷം രൂപയുടെ പ്രത്യേക അധിക എസ്റ്റിമേറ്റിലൂടെ അനുബന്ധ ജോലികളും നടത്തി. ഹൈദരാബാദിലെ ഗ്രേറ്റ് സ്‌പോർട്‌സ് ടെക് ആണ് പദ്ധതി നടപ്പിലാക്കിയത്.പ്രവൃത്തി ആരംഭിച്ച് ഒരുവർഷത്തിനിപ്പുറം പദ്ധതി യാഥാർത്ഥ്യമായി. വിവിധ ഇൻഡോർ കായിക വിനോദങ്ങൾക്കും ശാരീരിക പരിശീലന പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും കായിക പ്രേമികളെ ആകർഷിക്കും. 1.42 കോടിയുടെ ഭരണാനുമതിയാണ് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഈ ഇൻഡോർ സൗകര്യത്തിനായി ലഭിച്ചത്.
ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാളും പൂർത്തിയായി
ജില്ലാ പൊലീസ് ആസ്ഥാനത്തെ ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാളും പൂർത്തിയായി. 1.19 കോടി രൂപയുടെ ഭരണാനുമതിയോടെ വികസിപ്പിച്ചെടുത്ത ഇവിടെ പരിശീലന സെഷനുകൾ, ഔദ്യോഗിക മീറ്റിംഗുകൾ, ചെറിയ കമ്മ്യൂണിറ്റി പരിപാടികൾ എന്നിവ നടത്തുന്നതിനാണ് സജ്ജീകരിച്ചിരിക്കുന്നത്. സിന്തറ്റിക്ക് ട്രാക്ക്, മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ട്, ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാൾ എന്നീ മൂന്ന് പദ്ധതികളുടെ പൂർത്തീകരണത്തിനായി ആകെ 10.17 കോടി രൂപയാണ് ചെലവിട്ടത്.
മുഖ്യമന്ത്രി 12ന് നാടിന് സമർപ്പിക്കും
സിന്തറ്റിക്ക് ട്രാക്കും മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ടും 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉച്ച മൂന്നരക്ക് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ എം.വി.ഗോവിന്ദൻ , കെ.വി.സുമേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന പൊലീസ് മേധാവി റവാഡ എ.ചന്ദ്രശേഖർ, എ.ഡി..ജിപി എച്ച് .വെങ്കിടേഷ്, നോർത്ത് സോൺ ഐ. ജി .രാജ്പാൽ മീണ, സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻ രാജ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര എന്നിവർ പങ്കെടുക്കും.