തലശേരി: അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ തലശേരി ബെഞ്ചിൽ 26 തസ്തികകൾ സൃഷ്ടിക്കുന്നതിനും 1.96 കോടി രൂപ അനുവദിക്കുന്നതിനും നടപടിയായി. കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ബെഞ്ച് തലശേരിയിൽ പ്രവർത്തനമാരംഭിക്കുന്നതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനും ഓഫിസ് സംവിധാനം ഒരുക്കുന്നതിനും ധനവകുപ്പ് അംഗീകാരം നൽകി. സ്പീക്കർ എ.എൻ ഷംസീർ ചേംബറിൽ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
അഡീഷണൽ ബെഞ്ചിന്റെ പ്രവർത്തനത്തിന് 26 തസ്തികകളാണ് അനുവദിച്ചത്. ഇരുപത്തിരണ്ട് റെഗുലർ തസ്തികകളും നാലു താൽക്കാലിക തസ്തികകളുമുൾപ്പെടെയാണിത്. റഗുലർ തസ്തികകളിൽ 14 തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിനും എട്ട് തസ്തികകൾ പുനർവിന്യാസം മുഖേന നികത്തുന്നതിനും തീരുമാനമെടുത്തു.
ധനകാര്യ എക്സ്‌പെന്റീച്ചർ സെക്രട്ടറി കേശവേന്ദ്ര കുമാർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ രജിസ്റ്റാർ എസ്.വി ഉണ്ണികൃഷ്ണൻ നായർ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോ. സെക്രട്ടറി സിമി ഗോപിനാഥ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ അർജ്ജുൻ സംബന്ധിച്ചു.
ബെഞ്ച് അടുത്ത മാസം പ്രവർത്തനം തുടങ്ങും
ഓഫിസ് സംവിധാനത്തിനും സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കുമായി 1.96 കോടി രൂപയുടെ അനുമതിയാണ് നൽകിയിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സിവിൽ പ്രവൃത്തികൾ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്നതിനും സെപ്തംബറിൽ ബെഞ്ചിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന നിലയിലും മുന്നോട്ടുപോകണമെന്ന് സ്പീക്കർ നിർദേശിച്ചു.