പാനൂർ: കരിയാട് പള്ളിക്കുനി പരദേവതാ ക്ഷേത്രത്തിലെ തീർത്ഥകുളത്തിന് മുകളിലുള്ള ജീവന് ഭീഷണി ഉയർത്തിയ ഇലക്ട്രിക് ലൈൻ കെ.എസ്.ഇ.ബി. മാറ്റിസ്ഥാപിച്ചു. കേരളകൗമുദി കഴിഞ്ഞ മാസം 24 ന് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ കാലത്ത് പെരിങ്ങത്തൂർ സബ് സ്റ്റേഷനിലെ എഞ്ചിനീയറുടെ നേതൃത്വത്തിൽ എത്തിയ തൊഴിലാളികൾ പുതുതായി രണ്ട് പോസ്റ്റ് സ്ഥാപിച്ച് കുളത്തിൽ നിന്നും മീറ്ററുകളോളം അകലെയുള്ള പൊതുവഴിയിലൂടെ ലൈൻ സ്ഥാപിച്ചതോടെ അപകട ലൈൻ ഭീഷണിക്ക് പരിഹാരമായി.
ക്ഷേത്രകുളത്തിന് അരികിൽ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ ജീവന് ഭീഷണിയായിട്ട് വർഷങ്ങൾ ഏറെയായിരുന്നു. ഒരേക്കറോളം വിസ്തൃതിയുള്ള ഈതീർത്ഥകുളത്തിലാണ് കരിയാട്ടുപ്രദേശത്തുള്ളവർ നീന്തൽ പഠിക്കാറ്. മണ്ഡല വ്രതകാലത്ത് നൂറുകണക്കിന് അയ്യപ്പഭക്തന്മാർ പുലർകാലെ കുളിക്കുന്നതും, ജൂൺ ജൂലായ് മാസങ്ങളിൽ സമീപങ്ങളിലെ സ്‌ക്കൂൾ വിദ്യാർത്ഥികൾ നീന്തൽ പരിശീലനം നടത്തുന്നതും ഈ കുളം തന്നെയാണ് ആശ്രയിക്കാറ്.

പാനൂർ നഗരസഭയിലെ മുൻ വാർഡ് കൗൺസിലർ ടി.എം ബാബുരാജ് വാർഡ് സഭ വിളിച്ചപ്പോൾ തീർത്ഥ കുളത്തിന് മുകളിലുള്ള വൈദ്യുത ലൈൻ മാറ്റണമെന്ന പ്രമേയം പ്രദേശത്തുകാർ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി കെ.എസ്.ഇ.ബി ഓഫീസിൽ ബാബുരാജിന്റെ നേതൃത്വത്തിൽ ബോധിപ്പിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ വീണ്ടും ഓഫീസിൽ അന്വേഷണം നടത്തിയപ്പോൾ ഇതിനായി ഓഫീസിൽ അടക്കേണ്ടതുക അടച്ചാൽ മാറ്റി തരാമെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. എന്നാൽ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ കെ.എസ്.ഇ.ബി യാതൊരു തുകയും അടയ്ക്കാതെ തന്നെ പരിഹാരം കണ്ടെത്തുകയായിരുന്നു. വാർഡ് കൗൺസിലർ ബിന്ദു മോനാറത്ത്, ടി.എം ബാബുരാജ്, കെ. രാമകൃഷ്ണൻ, പി.ടി രത്നാകരൻ, എൻ.സി.ടി. ഗോപീകൃഷ്ണൻ, മനോഹരൻ പുളിയുള്ള പറമ്പത്ത് തുടങ്ങിയ നാട്ടുകാരുടെ സഹായവും സാന്നിദ്ധ്യവുമുണ്ടായിരുന്നു.