s

കണ്ണൂർ: പരസ്യ മദ്യപാനം , പരോൾ വ്യവസ്ഥയിലെ ലംഘനം എന്നീ വിവാദങ്ങൾക്കിടെ ടി.പി. കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നീക്കം.മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കായി തവനൂരിൽ നിന്നാണ് കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റിയത്. ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പ് തലശ്ശേരി സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കണ്ണൂർ ജയിലിലെ ലഹരി സംഘത്തെ നിയന്ത്രിക്കുന്നത് കൊടി സുനിയും സംഘവുമാണെന്ന ജയിൽ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ജയിൽ മാറ്റത്തിന് നീക്കം തുടങ്ങിയത്.
മാഹി ഇരട്ടക്കൊലക്കേസിൽ തലശ്ശേരി കോടതിയിൽ വിചാരണയ്ക്ക് കൊണ്ടു പോയപ്പോൾ കൊടി സുനി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ മാസം 17ന് നടന്ന സംഭവത്തിൽ എസ്‌കോർട്ട് പോയ മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തതല്ലാതെ മറ്റു നടപടികളുണ്ടായില്ല.വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥരും സഹതടവുകാരുമായി സംഘർഷമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ജയിൽ മാറ്റം.മകന് പരോൾ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് 2024 ഡിസംബറിൽ തവനൂർ ജയിലിൽ നിന്ന് സുനിക്ക് പരോൾ ലഭിച്ചിരുന്നു. പരോൾ കഴിഞ്ഞാണ് കണ്ണൂരിലേക്ക് മാറ്റിയത്.

തുടർവിചാരണ ഇപ്പോൾ വീഡിയോ കോൺഫറൻസ് വഴിയാണ്. ജയിൽ മാറ്റമുണ്ടായാലും വിചാരണയ്ക്ക് തടസമുണ്ടാകില്ല.