ഗൂഗിൾ പേ വഴി അയച്ച 1.89 ലക്ഷം രൂപ പിടിച്ചെടുത്തു
കാസർകോട്: സംസ്ഥാനതലത്തിൽ 'ഓപ്പറേഷൻ സെക്യൂർ ലാൻഡ് ' വിജിലൻസ് 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിലെ മൂന്ന് സബ് രജിസ്ട്രാർ ഓഫീസുകളിൽ കാസർകോട് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കാസർകോട് സബ് രജിസ്ട്രാർ ഓഫീസിൽ ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലും ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലും നീലേശ്വരത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിലമാണ് മിന്നൽ പരിശോധന നടത്തിയത്.
ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും 'ഗൂഗിൾപെ കൈക്കൂലിപ്പണം' പിടിച്ചെടുത്തു. ആധാരം എഴുത്തുകാരാണ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി പണം അയച്ചുകൊടുത്തത്. ബദിയടുക്ക ഓഫീസിൽ ജോലി ചെയ്യുന്ന മുൻ രജിസ്ട്രാർ വിനോദ്, ഇന്നലെ ചുമതല വഹിച്ച സബ് രജിസ്ട്രാർ ചുമതലയുള്ള ഭാസ്‌ക്കരൻ, ജീവനക്കാരായ അബൂബക്കർ, യദുകൃഷ്ണ എന്നിവരുടെ അക്കൗണ്ടിലേക്ക് 1,89,680 രൂപ ഗൂഗിൾപേ വഴി അയച്ചതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തവണ മറ്റു പലരിലേക്കും ആധാരം എഴുത്തുകാർ പണം അയച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് കേന്ദ്രങ്ങൾ അറിയിച്ചു.