കണ്ണൂർ : റെയിൽ ലാൻഡ് ഡവലപ്‌മെന്റ് അതോറിറ്റി 45 വർഷത്തേക്ക് പാട്ടത്തിന് നൽകിയ കണ്ണൂർ റെയിൽവേ സ്റ്റേഷന് അനുബന്ധിച്ച 7.19 ഏക്കറിൽ 300കോടിയുടെ വികസനപദ്ധതിയ്ക്കായി ഒരുങ്ങി ഇന്റർനാഷണൽ കമ്പനിയായ ടെക്സ് വർത്ത്. കണ്ണൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ എം.പി.ഹസൻകുഞ്ഞിയുടെ നേതൃത്വത്തിലുള്ള ഈ കമ്പനി 24.63 കോടി രൂപയ്ക്കാണ് റെയിൽവേ ഭൂമി 45 വർഷത്തേക്ക് പാട്ടത്തിനെടുത്ത് ആരോഗ്യ, അടിസ്ഥാന മേഖലകളിലും വാണിജ്യമേഖലയിലുമായുള്ള പദ്ധതി ഒരുക്കുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 300 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കമായതോടെ സ്വകാര്യ സ്ഥാപനത്തിന് റെയിൽവേ ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. എച്ച്.കെ ടെക്സ്‌വർത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും റെയിൽ ലാൻഡ് ഡവലപ്‌മെന്റ് അതോറിറ്റിക്കും ഇടയിൽ അടുത്തിടെ നടന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
ഉടൻ നിർമ്മാണത്തിലേക്ക്
മുത്തപ്പൻ ക്ഷേത്രം പരിസരത്തെ ആരോഗ്യകേന്ദ്രം നവീകരണം
റെയിൽവേ കോളനി ആധൂനിക സമുച്ചയം (2,500 ചതുരശ്രയടി വിസ്തീർണ്ണം)
കിഴക്കേ കവാട പരിസരത്ത് 2.26 ഏക്കറിൽ 8 ലക്ഷം ചതുരശ്രയടി കെട്ടിട സമുച്ചയം
14 നില ഇരട്ട ടവർ (റെയിൽവേ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കായി ക്വാർട്ടേഴ്സ് സമുച്ചയം)
വാണിജ്യ വികസനം
റെയിൽവേ സ്റ്റേഷൻ മുൻവശത്തെ 4.93 ഏക്കർ ഭൂമിയിൽ
എ.ടി.എം മുതൽ സൂപ്പർ മാർക്കറ്റ് വരെയുള്ള സൗകര്യങ്ങൾ
മറ്റ് സൗകര്യങ്ങളും
പ്ലേ സ്‌കൂൾ, ചിൽഡ്രൻസ് പാർക്കുകൾ
രണ്ടു ലക്ഷം ചതുരശ്രയടിയിൽ 400 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന നാലുനില മൾട്ടി പാർക്കിംഗ് പ്ലാസ
മുനീശ്വരൻ കോവിൽ ഭാഗത്ത് പ്രവേശന സൗകര്യം
പദവിയുണ്ട് ,വരുമാനവും; സൗകര്യമില്ല
വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പദവി എൻ.എസ്.ജി 2 (നോൺ സബർബൻ) ആണ്. പ്രതിവർഷം 100 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിൽ വരുമാനമുള്ള സ്റ്റേഷനുകൾക്കാണ് ഈ പദവി. മുമ്പ് എൻ.എസ്.ജി 3 പദവിയിലായിരുന്നു കണ്ണൂർ. തിരുവനന്തപുരം, എറണാകുളം ജംക്ഷൻ, കോഴിക്കോട്, തൃശൂർ, എറണാകുളം ടൗൺ, പാലക്കാട്, കൊല്ലം, കണ്ണൂർ എന്നിവയാണ് കേരളത്തിലെ എൻ.എസ്.ജി 2 പദവിയുള്ള സ്റ്റേഷനുകൾ.
വിമർശനങ്ങളേറെ, ആശങ്കകളും
സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന നിലനിൽക്കെ സ്വകാര്യ കമ്പനിക്ക് ഭൂമി നൽകിയതിലാണ് പ്രധാന വിമർശനം.
നാലാം പ്ലാറ്റ്‌ഫോമിന്റെ അഭാവം, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാത്ത പ്രശ്നം എന്നിവയും നിലവിലുണ്ട്. വാണിജ്യ സമുച്ചയം വന്നാൽ റെയിൽവേ സ്‌റ്റേഷന് മുന്നിലെ റോഡിന് വീതി കൂട്ടാൻ കഴിയില്ലെന്നും സ്റ്റേഷൻ വികസനത്തിന് ആവശ്യമായ സ്ഥലം കുറയുമെന്നുള്ള ആശങ്ക വേറെ.
സ്വകാര്യ ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് പാട്ടത്തിന് നൽകിയതെന്നാണ് റെയിൽവേ വിശദീകരണം
റെയിൽവേയ്ക്ക് അധിക വരുമാനം ലഭിക്കുമെന്നും യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകുമെന്നുമാണ് അധികൃതരുടെ വാദം.
നിർമ്മാണം വേഗത്തിൽ; സമയബന്ധിതം
3 മാസം: ആരോഗ്യകേന്ദ്രം
12 മാസം: മൾട്ടി ലെവൽ പാർക്കിംഗ്
3 വർഷം: 14 നില ടവർ
5 വർഷം: സമ്പൂർണ്ണ വാണിജ്യ സമുച്ചയം