കണ്ണൂർ: ഒരു വില്ലേജിൽ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയുടെ സബ്സിഡി തുക വിതരണം അനിശ്ചിതത്വത്തിൽ. ജില്ലയിൽ 5.48കോടിയും കാസർകോട് ജില്ലയിൽ 4,05കോടിയുമാണ് വിതരണം ചെയ്യാനുള്ളത്. 2024 ഡിസംബർ വരെ സംസ്ഥാനത്ത് ആകെ 16.43കോടിയുടെ സബ്സിഡി തുക വിതരണം ചെയ്യാനുണ്ട്.ഇതോടെ സംരംഭകർ കടുത്ത പ്രതിസന്ധിയിലാണ്.
പരമ്പരാഗത ഗ്രാമവ്യവസായ സംരംഭകർക്ക് കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ചെറുകിട സംരംഭകരെ സഹായിക്കാൻ കുറഞ്ഞ മൂലധന ചിലവിൽ ബാങ്കിൽ നിന്നും വായ്പ ലഭ്യമാക്കുകയാണ് ചെയ്യുന്നത്.വ്യക്തികൾ, സഹകരണ സംഘങ്ങൾ, ധർമ്മസ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരാണ് ഗുണഭോക്താക്കൾ.
പദ്ധതിയിൽ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് അഞ്ചുലക്ഷമാണ്.മൂലധനച്ചെലവിന്റെ (കെട്ടിടം, യന്ത്രസാമഗ്രികൾ) ഓരോ ഒരു ലക്ഷം രൂപയ്ക്കും കുറഞ്ഞത് ഒരാൾക്ക് തൊഴിൽ ലഭ്യമാക്കണം.ജനറൽ വിഭാഗക്കാർക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം മാർജിൻ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും 30 ശതമാനവും പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് 40 ശതമാനവും മാർജിൻ മണി ലഭിക്കും.ജനറൽ വിഭാഗം സംരംഭകർ പ്രൊജക്ട് കോസ്റ്റിന്റെ 10ശതമാനവും സ്വന്തം മുതൽ മുടക്കായി പദ്ധതിയിൽ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ ചെയ്യേണ്ടതാണ്. മറ്റു വിഭാഗങ്ങൾക്ക് ഇത് അഞ്ചു ശതമാനമാണ്.
ബഡ്ജറ്റിൽ തുകയുണ്ട്, സംരംഭകരിലേക്കില്ല
2024-25 സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കുന്നതിനായി 280 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.അതിൽ 23,66,453 രൂപ ഒന്നാം ഘട്ടമായും 60,00,000 രൂപ രണ്ടാം ഘട്ടമായും ആകെ 83,66,453 രൂപ അനുവദിച്ചിട്ടുണ്ട്.എന്നാൽ സംരംഭകർക്കുള്ള കുടിശ്ശിക വിതരണം നീളുകയാണ്.ഖാദി ബോർഡിന് ഈ വർഷം അനുവദിക്കാനുള്ള തുകയിൽ നിന്നും സ്പെഷ്യൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം പദ്ധതിക്ക് 1.96 ലക്ഷം രൂപ റിലീസ് ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ നിലവിൽ സർക്കാരിന്റ പരിഗണനയിലാണ്.