minister-
ജനഗൽസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കാസർകോട് കുറ്റിക്കോൽ സോപാനം ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലെമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് ഓൺലൈനായി നിർവഹിക്കുന്നു

കാസർകോട്: ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് കുറ്റിക്കോൽ പഞ്ചായത്ത് സോപാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ജനഗൽസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാരുടെ മേഖലാതല സംഗമത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2009 മുതൽ കുടുംബശ്രീ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക ഉൾച്ചേർക്കലിനും ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 2013 മുതൽ അട്ടപ്പാടിയിലും 2016 മുതൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികവർഗ പ്രത്യേക പദ്ധതി വഴി സംരംഭകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നത് ഉൾപ്പെടെ ഉപജീവന മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ, കാറഡുക്ക ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന കുമാരി, കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ സവിത, സി.ഡി.എസ് അദ്ധ്യക്ഷമാരായ റീന, റോഷിനി, ഗുലാബി, മാലിനി, സൂര്യ, റീന, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, കാസർകോട് എല്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, മലപ്പുറം, കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർമാരായ ബി. സുരേഷ് കുമാർ, എം.വി ജയൻ, കാസർകോട് ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സി.എച്ച് ഇഖ്ബാൽ, സി.എം സൗദ, ഡി. ഹരിദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ എം. കിഷോർ കുമാർ നന്ദിയും പറഞ്ഞു.

കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ സി.ഡി.എസ് പ്രവർത്തകർ കുടുംബശ്രീ മുദ്രാഗീതത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു.

ജനഗൽസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് ഓൺലൈനായി നിർവഹിക്കുന്നു

.