പയ്യന്നൂർ: ചേമ്പർ ഒഫ് കൊമേഴ്സ് ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 15 മുതൽ ഡിസംബർ 31 വരെ വ്യാപാരോത്സവം ഡിസ്കൗണ്ട് മേള സംഘടിപ്പിക്കും. അനുദിനം മന്ദീഭവിച്ച് കൊണ്ടിരിക്കുന്ന വ്യാപാരി മേഖലക്ക് പുത്തൻ ഉണർവ്വ് നൽകുന്നതിനും ഉപഭോക്താക്കൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുവാനുമാണ് ഇങ്ങിനെയൊരു വ്യാപാരോത്സവം ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചേമ്പറിൽ അംഗങ്ങളായ വ്യാപാരികളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന സൗജന്യ കൂപ്പൺ നറുക്കെടുപ്പിൽ വിവിധ പ്രോത്സാഹന സമ്മാനങ്ങൾ, സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ, സ്വർണ്ണ നാണയങ്ങൾ, ഡിസംബർ 31 ന് ബംബർ സമ്മാനമായി മാരുതി ആൾട്ടോ കാർ എന്നിവ ലഭിക്കും. എല്ലാ മാസവും അവസാന ദിവസമാണ് നറുക്കെടുപ്പ് നടക്കുക. ആഗസ്റ്റ് മാസം 15.
50-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 15 മുതൽ പയ്യന്നൂരിലെ മുഴുവൻ കടകമ്പോളങ്ങളും രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം 13 ന് വൈകിട്ട് 3.30ന് ചേമ്പർ ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ സൗജന്യ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പുനത്തിൽ ബാഷിദ് മുഖ്യാതിഥിയാകും.
വാർത്താ സമ്മേളനത്തിൽ കെ.യു.വിജയകുമാർ, വി.പി.സുമിത്രൻ, എൻ.കെ.സുബൈർ, പി.രാജീവൻ, എ.വി. ശശികുമാർ, എം.പി. മനോജ്, വി.നന്ദകുമാർ സംബന്ധിച്ചു.