തൃക്കരിപ്പൂർ: നടക്കാവിൽ നിലനിന്നിരുന്നതും മുടങ്ങിപ്പോയതുമായ കാർഷിക വ്യാപാര സംസ്കാരമായ ആഴ്ചച്ചന്ത പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യത്തിന് പൊതുജനങ്ങളിൽ പിന്തുണയേറുന്നു.
മായമില്ലാത്തതും അമിതമായ കീടനാശിനികളുടെ പ്രയോഗമില്ലാതെയും നാട്ടിൻപുറങ്ങളിൽ ഉത്പാദിപ്പിച്ചിരുന്ന പച്ചക്കറികളടക്കമുള്ളവയുടെ വിപണന കേന്ദ്രമായിരുന്നു ആഴ്ചച്ചന്തകൾ. നടക്കാവിന് പുറമെ തൃക്കരിപ്പൂർ ടൗൺ, ഇളമ്പച്ചി, കരിവെള്ളൂർ, പടന്ന, പിലിക്കോട്, പയ്യന്നൂർ തുടങ്ങിയവിടങ്ങളിലും ഒരുകാലത്ത് ആഴ്ചച്ചന്തകൾ സജീവമായിരുന്നു. നാലു പതിറ്റാണ്ടോളം കാലം നടക്കാവ് ജംഗ്ഷനിൽ നിലനിന്നിരുന്ന ഈ ഗ്രാമീണ സൂപ്പർ മാർക്കറ്റ്, വ്യാപാര മേഖലകളിലെ ആധുനികലവത്കരണത്തോടെ ക്രമേണ ഇല്ലാതാവുകയായിരുന്നു.
എന്നാൽ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2018 മാർച്ച് 28 മുതൽ നടക്കാവിൽ വീണ്ടും ആഴ്ചച്ചന്ത പ്രവർത്തിച്ചിരുന്നു. പച്ചക്കറികളും ഉണക്കമീനും തുണിത്തരങ്ങളും മൺപാത്രങ്ങളും മറ്റു ഉത്പന്നങ്ങളുമായി വ്യാപാരികൾ നടക്കാവിൽ സജീവമായിരുന്നു.
ചെറുകിട വ്യാപാരികളുടെ സൗകര്യത്തിനായി പിന്നീട് ഗ്രാമ പഞ്ചായത്ത് ചെറിയൊരു കെട്ടിടവും പണിതു. നാട്ടിൻ പുറങ്ങളിൽ ഉത്പാദിപ്പിക്കുന്ന വാഴക്കുല, വെള്ളരി തുടങ്ങിയ പച്ചക്കറികളും വ്യത്യസ്തങ്ങളായ ഉണക്കമത്സ്യങ്ങളുടെ ശേഖരവുമായി വ്യാപാരികൾ സജീവമായതോടെ നാട്ടുകാരും ചന്തയിലെത്തിത്തുടങ്ങി. എന്നാൽ ചന്ത നിയന്ത്രിക്കേണ്ട ഗ്രാമ പഞ്ചായത്തധികൃതരുടെ ശ്രദ്ധക്കുറവും മറ്റു പലവിധ കാരണങ്ങളാലും ക്രമേണ ഈ നാടൻ ഉത്പന്ന വിപണന കേന്ദ്രം വിസ്മൃതിയിലാകുകയായിരുന്നു.
ഉപരിപ്ലവമായ നിലപാട് സ്വീകരിച്ചതാണ് നടക്കാവിലെ ആഴ്ചച്ചന്തയുടെ സജീവത ഇല്ലാതാക്കിയത്. ചന്തയുടെ നിയന്ത്രണം കാർഷിക മേഖലയുമായി ബന്ധമുള്ള പുരുഷ സംഘം - കുടുംബശ്രീ പോലുള്ള ഏതെങ്കിലും കൂട്ടായ്മയെ ഏൽപ്പിക്കണം. ചന്തയിൽ വ്യാപാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ചന്ത പരിപാലിക്കുന്നതിൽ കൃത്യതയും വേണം.
വി.വി. സുരേശൻ, സെക്രട്ടറി, ഈയ്യക്കാട് പാഠശേഖരസമിതി